11 July, 2017 12:28:35 PM
അമ്മ മകനെ പുറത്താക്കി; ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും കൈയൊഴിഞ്ഞു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ "അമ്മ' പുറത്താക്കി. സംഘടനയുടെ ട്രഷർ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ദിലീപിനെ പുറത്താക്കിയത്. തിങ്കളാഴ്ച അറസ്റ്റിലായ ദിലീപിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതിന് ശേഷം നടന്ന താരസംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയിൽ നടന്ന യോഗത്തിൽ മോഹൻലാൽ അമ്മ സെക്രട്ടറി ഇടവേള ബാബു, നടൻമാരായ പൃഥ്വിരാജ്, രമ്യാ നമ്പീശൻ, ആസിഫ് അലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ആക്രമിക്കപ്പെട്ട തങ്ങളുടെ സഹോദരിക്കൊപ്പമാണെന്നും ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയെന്നും യോഗത്തിന് ശേഷം സെക്രട്ടറി ഇടവേള ബാബു വാർത്താക്കുറിപ്പ് പുറത്തിറക്കി. നടിയെ മോശമായി ചിത്രീകരിച്ച് സംസാരിച്ച സംഘടനയിലെ ചില അംഗങ്ങളുടെ നടപടിയിൽ കടുത്ത പ്രതിഷേധമുണ്ട്. ഇനി ഇത്തരം തെറ്റുകൾ ആവർത്തിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കൃത്യമായ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ്. നടിക്ക് എല്ലാ നിയമ സഹായവും നൽകുമെന്നും താരസംഘടന അറിയിച്ചു.
അടുത്തിടെ നടന്ന വാർഷിക പൊതുയോഗത്തിന് ശേഷം താരസംഘടന നടത്തിയ വാർത്താസമ്മേളനത്തിൽ ദിലീപിനെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതിനെതിരേ രൂക്ഷ വിമർശനവും പൊതു സമൂഹത്തിൽ നിന്നും ഉയർന്നിരുന്നു. പിന്നാലെയാണ് തെളിവുകളോടെ പോലീസ് ദിലീപിനെ കുരുക്കിയത്. ഇതോടെ നിലപാട് മാറ്റാൻ അമ്മ നിർബന്ധിതരാവുകയായിരുന്നു.
രാവിലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും ഫെഫ്കയിൽ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. രാവിലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേർന്നാണ് പുറത്താക്കൽ നടപടി സ്വീകരിച്ചത്. അസിസ്റ്റന്റ് ഡയറക്ടർ സ്ഥാനമാണ് ദിലീപിന് ഫെഫ്കയിലുള്ളത്. കേസിൽ തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ച ദിലീപിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.