22 August, 2026 09:18:46 AM
പാലത്തായി പോക്‌സോ കേസ്: പത്മരാജന്‍റെ ശിക്ഷാ വിധി മരവിപ്പിച്ച് ഹൈക്കോടതി: പ്രതിക്ക് ജാമ്യം

കൊച്ചി: വിവാദമായ പാലത്തായി പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനും ബി.ജെ.പി പ്രാദേശിക നേതാവുമായ കെ. പത്മരാജന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. ഹർജിക്കാരന്റെ വാദങ്ങൾ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പത്മരാജന് ജാമ്യം അനുവദിച്ചത്.
കേസിൽ മരണം വരെ ജീവപര്യന്തം തടവുശിക്ഷയും പോക്‌സോ വകുപ്പുകൾ പ്രകാരം വിവിധ കാലയളവുകളിലായി തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. ഇതിനെതിരെയാണ് പത്മരാജൻ ഹൈക്കോടതിയെ സമീപിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, രണ്ടാൾ ജാമ്യം, ഇരയായ കുട്ടി താമസിക്കുന്ന റവന്യൂ ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.
2020 ജനുവരിയിലാണ് ഒമ്പതു വയസ്സുകാരിയായ വിദ്യാര്ഥിനി പീഡനത്തിനിരയായെന്ന പരാതി പുറത്തുവരുന്നത്. തുടക്കത്തിൽ പോക്‌സോ വകുപ്പുകൾ ഒഴിവാക്കി പോലീസ് എഫ്.ഐ.ആർ സമർപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ ശേഷം സർക്കാർ രൂപീകരിച്ച പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.







