24 June, 2026 06:55:34 PM


തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു



തിരുവനന്തപുരം: ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ട 20 അംഗങ്ങളില്‍ 19 അംഗങ്ങളാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. 4.30ന് കോര്‍പ്പറേഷനില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. മേയര്‍ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.

എന്നാല്‍ കാപ്പ കേസ് ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ സുഗതന് ഇന്ന് സത്യ പ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ല. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് 20 പേരുടെ സത്യപ്രതിജ്ഞയായിരുന്നു ഹൈക്കോടതി അസാധുവാക്കിയത്. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഇന്ന് തന്നെ സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത്.

അതേസമയം സത്യപ്രതിജ്ഞ ചടങ്ങിനെതിനെ എല്‍ഡിഎഫ് പരാതി നല്‍കി. നിയമവിരുദ്ധമായാണ് ചടങ്ങ് സംഘടിപ്പിച്ചത് എന്നാണ് പരാതി. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക് പരാതി നല്‍കിയത്. മറ്റ് ജനപ്രതിനിധികള്‍ അറിയാതെയാണ് സത്യപ്രതിജ്ഞ നടന്നത്. മറ്റുള്ളവരില്‍ നിന്ന് മറച്ച് വെച്ച് നടത്തുന്ന ചട്ട വിരുദ്ധമായ ചടങ്ങ് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. എസ് പി ദീപക് തന്നെ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നത്. ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്ത നടപടി കേരള മുന്‍സിപ്പാലിറ്റി നിയമം, 1994ന്റെ ലംഘനമാണെന്നും ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതുമെന്നായിരുന്നു പരാതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948