20 June, 2026 11:29:41 AM
എബോളയിൽ ആശ്വാസം; സുഡാനിൽ നിന്നെത്തിയ 52കാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കോട്ടയം: സുഡാനില്‍ നിന്ന് കേരളത്തിലെത്തിയ സ്ത്രീയുടെ എബോള പരിശോധനഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ്. എബോള ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍. പരിശോധനഫലം നെഗറ്റീവ് ആയതോടെ ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. പുനെയിലെ ലാബില്‍ നടത്തിയ പരിശോധനഫലമാണ് നെഗറ്റീവായത്.
സൗത്ത് സുഡാനില്‍നിന്ന് ഉഗാണ്ട വഴിയാണ് 52കാരിയായ സ്ത്രീ എത്തിയത്. കേരളത്തില്‍ എത്തിയതിനു പിന്നാലെ കടുത്ത ഛര്‍ദിയും മറ്റു ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടിരുന്നു. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും എബോള സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. എബോള ബാധയെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിരവധിപേര്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന സ്ത്രീയുടെ കാര്യത്തില്‍ ആരോഗ്യവകുപ്പ് അതീവജാഗ്രതയാണ് പുലര്‍ത്തിയിരുന്നത്.
രോഗബാധിതരുടെ രക്തം, വിസര്‍ജ്യം, സ്രവങ്ങള്‍ തുടങ്ങിയവയിലൂടെ എബോള പകരും. കുരങ്ങുകള്‍, പന്നി തുടങ്ങിയ മൃഗങ്ങളിലും എബോള കാണപ്പെടുന്നുണ്ട്. അതിനാല്‍ രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിലൂടെ എബോള വൈറസ് മനുഷ്യരിലേക്ക് എത്തും. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ടു ദിവസം കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കും. പനി, തലവേദന, തൊണ്ടവേദന, പേശിവേദന, ഛര്‍ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലരില്‍ കടുത്ത രക്തസ്രാവവും തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ തകരാറിലാവുകയും ചെയ്യും.





