30 October, 2025 09:48:47 AM
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് വയോധിക മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചിറയിൻകീഴ് അഴൂർ സ്വദേശി വസന്ത (77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വസന്ത. സോഡിയം കുറഞ്ഞതിനെ തുടർന്നായിരുന്നു വസന്തയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പത്തു ദിവസം മുൻപാണ് വസന്തയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. വസന്തയ്ക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വീടുവിട്ട് അധികം പുറത്തുപോകാത്ത ആളാണ് വസന്തയെന്ന് പ്രദേശവാസികൾ പറയുന്നു. വീട്ടിലെ മറ്റുള്ളവർക്ക് നിലവിൽ രോഗലക്ഷണങ്ങളില്ല. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 31 ആയി.




