04 March, 2026 08:38:19 PM


വേനൽക്കാല രോഗങ്ങൾ: പ്രതിരോധ നടപടികൾ ഊർജിതമാക്കും



കോട്ടയം: വേനൽക്കാല രോഗങ്ങളെ നേരിടാനുള്ള ഒരുക്കങ്ങൾ ഊർജിതമാക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ കൂടിയ വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു. വെയിലത്ത് പണിയെടുക്കുന്നവർ, വിദ്യാർഥികൾ, തൊഴിലുറപ്പു തൊഴിലാളികൾ, ആശാ വർക്കർമാർ തുടങ്ങി പകൽ സമയത്ത്് പുറത്തിറങ്ങുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധനൽകണമെന്ന് കളക്ടർ നിർദ്ദേശിച്ചു.

കുഞ്ഞുങ്ങൾ, മുതിർന്ന പൗരന്മാർ, ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകണം. പ്രധാന സർക്കാർ ആശുപത്രികളിൽ രണ്ടു വീതവും മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചും കിടക്കകൾ വേനൽക്കാല രോഗങ്ങളുമായി ബന്ധപ്പെട്ടെത്തുന്ന രോഗികൾക്കായി മാറ്റിവെക്കും.  

മൃഗങ്ങൾക്ക് ആവശ്യത്തിന് കുടിവെള്ളം ലഭ്യമാകുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഉറപ്പു വരുത്തും. കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങൾ കണ്ടെത്തി വെള്ളം എത്തിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടികളെടുക്കും.
സ്‌കൂളുകൾ വഴി കുട്ടികൾക്കിടയിൽ ബോധവത്കരണം നടത്താൻ വിദ്യാഭ്യാസവകുപ്പിന് യോഗം നിർദ്ദേശം നൽകി. ആശുപത്രി പരിസരങ്ങളിലുൾപ്പെടെ ഔഷധ സസ്യങ്ങൾ വെച്ചുപിടിപ്പിക്കാൻ കൃഷിവകുപ്പിനോടും നിർദേശിച്ചു.
 
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.ജെ. സിത്താര, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ട്രീസാ ജോസ്, ഐ.സി.സി.എസ് ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.കെ. മനോജുകുമാർ, അസി.പ്രിൻസിപ്പൽ കൃഷി ഓഫീസർ സ്നേഹലത മാത്യൂസ്, ഡോ. ആർ. രതീഷ്‌കുമാർ, ഡോ. അനുപ ലൂക്കാസ് തുടങ്ങിയവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924