05 August, 2025 06:50:18 PM
എച്ച്.ഐ.വി എയ്ഡ്‌സ് ബോധവൽക്കരണം; കനത്ത മഴയിലും ആവേശമായി റെഡ് റൺ

കോട്ടയം: രാജ്യാന്തര യുവജന ദിനാചരണത്തോട് അനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികളിൽ എച്ച്.ഐ.വി/എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി റെഡ് റൺ മാരത്തൺ മത്സരം നടത്തി. കനത്ത മഴയെ അവഗണിച്ചും ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി എൺപതിൽ അധികം വിദ്യാർത്ഥികൾ മാരത്തണിൽ പങ്കെടുത്തു.
കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. മാരത്തൺ ആൺകുട്ടികളുടെ വിഭാഗത്തിൽ ഷിബിൻ ആന്റോ, കെ.എം. അജിത്, കെ.ജെ. ജീവൻ മൂവരും എസ്.ബി കോളജ്, ചങ്ങനാശ്ശേരി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ കെ.എസ്. ശിൽപ (അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി), എ.എം. അജ്ഞന(അൽഫോൻസാ കോളേജ് പാല ) . കെ.പി. സരിക (അൽഫോൻസാ കോളജ് പാല ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഒന്നാം സ്ഥാനം ലഭിച്ച ടീം പതിനൊന്നിന് തൃശൂരിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും കോട്ടയം സി.എം എസ് കോളജിൽ നിന്നാരംഭിച്ച മാരത്തൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ സി.ഐ പ്രശാന്ത് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പ്രിയ എൻ വിജയി കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ആർ. ദീപ, ആരോഗ്യ കേരളം കൺസൾട്ടന്റ് വിനീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്‌സ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.