16 June, 2026 07:55:12 AM


കെഎസ്ആർടിസി സൗജന്യയാത്ര: മഹിളാമോർച്ച സമരത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി

സ്വന്തം ലേഖിക



തിരുവനന്തപുരം: എല്ലാ കെ.എസ്.ആർ.ടി.സി ബസിലും സൗജന്യയാത്ര നടപ്പാക്കണമെന്ന ആവശ്യവുമായി മഹിളാ മോർച്ച നടത്തിയ സമരത്തെ തള്ളി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവന. 'പ്രിയദർശിനി' പദ്ധതിക്കായി സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ ആനുകൂല്യം സ്വമേധയാ വേണ്ടെന്നുവെക്കണമെന്നാണ് അദ്ദേഹം ഇന്നലെ ആഹ്വാനം ചെയ്തത്. ഇത്തരത്തിൽ സ്ത്രീകൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത് അർഹരായവർക്ക് ആനുകൂല്യം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും സ്ത്രീകൾ സഹകരിച്ചാൽ പദ്ധതി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.


എല്ലാ കെ.എസ്.ആർ.ടി.സി ബസിലും സൗജന്യയാത്ര ആവശ്യപ്പെട്ട് സംസ്ഥാനത്താകെ ഇന്നലെ മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി കോട്ടയം ബസ്‌സ്റ്റാൻ്റിൽ നിന്നും ഫാസ്റ്റ് പാസഞ്ചർ ബസിൽ ടിക്കറ്റെടുക്കാതെ ബഹളം വെച്ച് യാത്രക്കൊരുങ്ങിയ വനിതാനേതാവിനെയും കൂട്ടരെയും യാത്രക്കാർ നാണം കെടുത്തി ബസിൽ നിന്നും ഇറക്കിവിട്ട സംഭവവുമുണ്ടായി. ഒടുവിൽ 'യാത്രക്കാർ പ്രശ്നമുണ്ടാക്കുന്നുവെന്നും നമുക്ക് പിൻവലിയാമെന്നും' ഈ വനിതാനേതാവ് കൂടെയുള്ള ബിജെപി പ്രവർത്തകൻ്റെ ചെവിയിൽ മന്ത്രിച്ചത് വൈറലാകുകയും ചെയ്തു. സുരേഷ് ഗോപിയുടെ ഏറ്റവും അടുത്തയാളാണെന്ന് അവകാശപ്പെടുന്ന ഈ വനിതാ നേതാവിൻ്റെ സമരപ്രകടനത്തിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെന്നതും ഏറെ കൗതുകമായി.

സ്ത്രീകളുടെ സൗജന്യയാത്ര എന്ന ആശയം നടപ്പാക്കിയ സർക്കാറിനെയും പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ചവരെയും പ്രശംസിച്ച സുരേഷ് ഗോപി സംസ്ഥാനത്തിന്റെ നന്മക്കായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നാണ്  പറഞ്ഞത്. ശരിയായ കാര്യങ്ങളെ ഉൾക്കൊള്ളാനും പോരായ്മകൾ ചൂണ്ടിക്കാട്ടി തിരുത്തൽ ശക്തികളായി മാറാനും പ്രതിപക്ഷം തയാറാകണം. ട്രേഡ് യൂണിയൻ ഇടപെടലുകൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കും അതീതമായി ജനങ്ങളിലേക്ക് സേവനങ്ങൾ എത്തിക്കുക എന്നതായിരിക്കണം ലക്ഷ്യമെന്നും കേരളത്തിൽ ഇത്തരം ഒരു 'പോസിറ്റീവ് പൊളിറ്റിക്സ്' വളർന്നുവരുമെന്ന് കരുതുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ പാചകവാതക സബ്സിഡി ഉപേക്ഷിക്കാനുള്ള 'ഗിവ് അപ്പ്' പദ്ധതിയെ ഉദാഹരിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 'എനിക്ക് സമ്പാദ്യമുണ്ട്, അതുകൊണ്ട് മറ്റൊരു സ്ത്രീയുടെ അവകാശം ഞാൻ പിടിച്ചുപറിക്കില്ല' എന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം സാമ്പത്തിക ഭദ്രതയുള്ള സ്ത്രീ യാത്രികർ തീരുമാനിക്കണമെന്നാ യിരുന്നു അദ്ദേഹത്തിൻ്റെ അഭ്യർഥന. ഇത്തരം തീരുമാനം സർക്കാറിനും പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ചവർക്കും നൽകുന്ന ആദരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തികഭദ്രത ഉറപ്പുവരുത്തേണ്ടത് തന്നെയാണ്. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ഇതിനെ ഹൃദയപൂർവം സ്വാഗതം ചെയ്യുമ്പോഴും കൂടുതൽ ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ നല്ലൊരു സാമ്പത്തിക അടിത്തറ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മന്ത്രി സി.പി. ജോണും സാമ്പത്തിക വിദഗ്ധരും മുഖ്യമന്ത്രിയും ചേർന്ന് ഇതിനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള തയാറെടുപ്പുകൾ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946