06 May, 2026 06:44:23 PM


മുഖ്യമന്ത്രി: യു ഡി എഫിൽ വീണ്ടും വിസ്മയം; തിരുവഞ്ചൂർ രാധാകൃഷ്ണന് സാധ്യത



ന്യൂഡല്‍ഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാൻഡിന് വലിയ രാഷ്‌ട്രീയ പരീക്ഷണമായി മാറുന്നു. മുഖ്യമന്ത്രിപദത്തിനായി  വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും തമ്മിലുള്ള തർക്കം കൂടുകയാണ്.

ദിനംപ്രതി മൂവരുടെയും ഫ്ലക്സുകളും പ്രവർത്തന മികവുകളും വെല്ലുവിളികളും ഉയരുകയാണ്. ഇതിനിടയിൽ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളും ഹൈക്കമാൻഡിന്റെ കണക്കുകൂട്ടലില്‍ നിർണായകമാകുകയാണ്. മൂന്നു പ്രധാന പേരുകള്‍ക്കപ്പുറം ഒരു സമവായ സ്ഥാനാർത്ഥിയായി സീനിയർ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉയർന്നുവരാനുള്ള സാധ്യതയും ചർച്ച ചെയ്യപ്പെടുന്നു. നിയമസഭയിലെ ദീർഘകാല പരിചയവും വിവിധ ഗ്രൂപ്പുകൾക്കുള്ള സ്വീകര്യതയും തിരുവഞ്ചൂരിനെ പ്രത്യേക പരിഗണനയ്‌ക്ക് അർഹനാക്കുന്നു.

ഘടകകക്ഷികളായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അടക്കമുള്ളവരുടെ പിന്തുണ വി ഡി സതീശനു ലഭിക്കുന്നതായി വിലയിരുത്തപ്പെടുമ്പോൾ സീനിയോറിറ്റിയും ഭരണപരിചയവും മുൻനിർത്തിയാണ് രമേശ് ചെന്നിത്തല ശക്തമായ അവകാശവാദം ഉന്നയിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി കെ സി വേണുഗോപാലും രംഗത്തുണ്ട്.

ഇവര്‍ മൂന്നുപേരുമല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയാക്കി അപ്രതീക്ഷിത നീക്കം നടത്താനുള്ള സാധ്യതയും വിലയിരുത്തലും കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ശക്തമാണ്. അത്തരമൊരു സമവായ സ്ഥാനാര്‍ത്ഥിയായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉയര്‍ന്നുവരുമെന്ന സൂചന വരുന്നത്.

 നിയമസഭയിലെ ഏറ്റവും സീനിയര്‍ കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ അടൂര്‍, കോട്ടയം മണ്ഡലങ്ങളില്‍ നിന്നായി തുടര്‍ച്ചയായി എട്ട് തവണ വിജയിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ ശക്തമായ രാഷ്‌ട്രീയ പാരമ്പര്യമായി കണക്കാക്കും.
രമേശ് ചെന്നിത്തലയും വി ഡി സതീശനും ആറുതവണ വീതമാണ് നിയമസഭയിലെത്തിയത് എന്ന സീനിയോറിറ്റി ഘടകവും തിരുവഞ്ചൂരിന് അനുകൂലമാണ്. മുന്‍പ് എ ഗ്രൂപ്പില്‍ സജീവമായിരുന്നെങ്കിലും അടുത്തകാലത്ത് കെ സി വേണുഗോപാലിന് അനുകൂല നിലപാടാണ് തിരുവഞ്ചൂര്‍ സ്വീകരിച്ചിരുന്നത്.

കെ മുരളീധരന്‍, കെ സുധാകരന്‍, സണ്ണി ജോസഫ്, എന്‍ ശക്തന്‍ തുടങ്ങി നേതാക്കള്‍ ചെന്നിത്തലയോ സതീശനോ മുഖ്യമന്ത്രിയാകുന്നതിന് പകരം ഒരു പുതിയ മുഖത്തെ പരിഗണിക്കണമെന്ന നിലപാടിലാണെന്നാണ് സൂചന.  കെ സി വേണുഗോപാലിന് നേരിട്ട് മുഖ്യമന്ത്രിയാകാന്‍ സാഹചര്യം അനുകൂലമല്ലെങ്കില്‍, അദ്ദേഹത്തിന്റെ പിന്തുണ തിരുവഞ്ചൂരിലേക്ക് നീങ്ങാനാണ് സാധ്യത ഇത്തരം ഒരു നീക്കം ഹൈക്കമാന്‍ഡിന് ആഭ്യന്തര ഗ്രൂപ്പ് സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും, സമവായ മുഖ്യമന്ത്രിയെ മുന്നോട്ടുവെക്കാനും സഹായകരമാകാമെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടി കേരളത്തില്‍ ഉണ്ടാകുമെന്ന് എൻ കെ പ്രേമചന്ദ്രൻ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ്‌ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമായിരിക്കും അത്. എല്ലാവർക്കും സ്വീകാര്യനായ ആള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും.

അതേസമയം കെ സുധാകരൻ ഇന്ന് മുഖ്യമന്ത്രി ചർച്ചക്കിടയിൽ ഞാൻ ആയാലെന്താ എന്നും ചോദിക്കുകയുണ്ടായി. വി ഡി സതീശനെ ഉന്നം വെച്ച് കൊണ്ട് കോൺഗ്രസിൽ ഏകാധിപത്യ പ്രവണത പാടില്ലെന്ന് ദീപ്തി മേരി വർഗീസ് പറയുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി ചർച്ച ഉയരുന്നതിനിടെ വി ഡി മുഖ്യമന്ത്രി ആയാൽ വി എസിന്റെ നില കോൺഗ്രസിലെ പല നേതാക്കൾക്കും ഉണ്ടാകുമെന്നും പലയിടങ്ങളിൽ നിന്ന് ഉയരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K