05 May, 2026 10:18:02 AM


കേരളത്തിൽ കേരള കോൺഗ്രസ്‌ (എം) വട്ട പൂജ്യം; മത്സരിച്ച 12 സീറ്റിലും പരാജയം

 

പാലാ: കേരളത്തിൽ കേരള കോൺഗ്രസ്‌ (എം) വട്ട പൂജ്യം. മത്സരിച്ച 12 സീറ്റുകളിലും തോറ്റതോടെ അണികള്‍ ആശങ്കയിലാണ്.  കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേരിട്ടത്. യുഡിഎഫിന്റെ തേരോട്ടത്തില്‍ പാർട്ടിക്ക് മധ്യകേരളത്തില്‍ നിലം തൊടാനായില്ല. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി.

1979ല്‍ രൂപീകൃതമായ ശേഷം ഇതാദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സമ്പൂര്‍ണ്ണമായും കാലിടറി. 12 സീറ്റുകളില്‍ മത്സരിച്ച പാർട്ടിക്ക് ഒറ്റ സ്ഥാനാര്‍ത്ഥിയെയും നിയമസഭയിലെത്തിക്കാനായില്ല. മധ്യകേരളത്തിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയുടെ അടിത്തറയിളകി. പാർട്ടി ചെയര്‍മാന്‍ ജോസ് കെ മാണി സ്വന്തം തട്ടകമായ പാലായില്‍ യുഡിഎഫ് സ്വതന്ത്രന്‍ മാണി സി കാപ്പന്‍ നേടിയ 2991 വോട്ടുകൾക്കാണ് തോറ്റത്. 13 തവണ തുടര്‍ച്ചയായി കേരള കോണ്‍ഗ്രസ് വിജയിച്ച പാലാ കെ എം മാണിക്ക് ശേഷം ഇത്തവണയും രണ്ടിലയെ തുണച്ചില്ല.

ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കോണ്‍ഗ്രസിലെ റോയ് കെ പൗലോസിനോട് 23,822 വോട്ടുകൾക്കാണ് തോറ്റത്. കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജും പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലും തോറ്റമുതിര്‍ന്ന നേതാക്കളില്‍ ഉള്‍പ്പെടുന്നു. കാഞ്ഞിരപ്പള്ളിയിൽ മുതിർന്ന നേതാവും ചീഫ് വിപ്പുമായ എൻ. ജയരാജിനെതിരെ കോൺഗ്രസിന്റെ റോണി കെ. ബേബിയാണ് മത്സരിച്ചത്.. 

സിറ്റിങ് എംഎൽഎയായ അഡ്വ. മോൻസ് ജോസഫിനോട് മത്സരിച്ച് തോറ്റത് കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ നിർമല ജിമ്മിയാണ്. എക്കാലവും കേരള കോണ്‍ഗ്രസിനൊപ്പം നിന്ന പരമ്പരാഗത ക്രൈസ്തവ വോട്ടുകള്‍ കൈവിട്ടതാണ് പ്രധാന പരാജയ കാരണമായി കണക്കാക്കപ്പെടുന്നത്.

അതേസമയം പി ജെ ജോസഫ് നേതൃത്വം കൊടുത്ത കേരള കോണ്‍ഗ്രസ് യുഡിഎഫിനൊപ്പം നിന്ന് മിന്നും വിജയമാണ് നേടിയത്.  ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല മണ്ഡലങ്ങളിലാണ് പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് വെന്നികൊടിപാറിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943