29 April, 2026 07:01:16 PM
സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല, വൈദ്യുതി നിയന്ത്രണം മാത്രം- കെഎസ്ഇബി

തിരുവനന്തപുരം: കനത്ത ചൂടിനിടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരാതി കുന്നുകൂടിയതും, ലോഡ് ഷെഡിങ് അല്ല, പീക്ക് ലോഡ് സമയങ്ങളിലെ വൈദ്യുതി നിയന്ത്രണം മാത്രമാണിത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇനിയും സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ല എന്നും, നാമമാത്രമായ വൈദ്യുതി നിയന്ത്രണം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും കെഎസ്ഇബി.
ഫേസ്ബുക്ക് പോസ്റ്റിലാണ് വൈദ്യുതി ബോർഡിന്റെ വിശദീകരണം.
"ഏപ്രിൽ 28 ചൊവ്വാഴ്ച വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് സംസ്ഥാനത്ത് വേണ്ടിവന്നത്. റെഗുലേറ്ററി കമ്മീഷൻ്റെ അനുമതിലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നും മുടങ്ങിയിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചതോടെ സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞു. സംസ്ഥാനത്തിൻ്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചുവെങ്കിലും വൈദ്യുതി ആവശ്യകതയിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 116.5 ദശലക്ഷം യൂണിറ്റായിരുന്നു ചൊവ്വാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.
ലൈൻ ഓവർലോഡ് കാരണം രാത്രി 11.30നുശേഷം മലബാർ മേഖലയിലെ കാസർകോട്, മൈലാട്ടി, ചക്കിട്ടപാറ, നാദാപുരം, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, തലശ്ശേരി മേഖലകളിലും മാടക്കത്തറ - എളംകൂർ ലൈൻ ഓവർലോഡ് ആയതിനെത്തുടർന്ന് അരീക്കോട് മഞ്ചേരി മേഖലയിലും ചെറിയതോതിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്. ഇതുകൂടാതെ ട്രാൻസ്ഫോർമർ ലോഡ് ക്രമാതീതമായതിനെത്തുടർന്ന് കോഴിക്കോട് കുന്നമംഗലത്തെ കിഴക്കൻ പ്രദേശങ്ങളിലും രാത്രി 10 മണിക്കുശേഷം അൽപ്പസമയം വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നിട്ടുണ്ട്.
സംസ്ഥാനത്ത് മറ്റൊരിടത്തും നിയന്ത്രണം ആവശ്യമായി വന്നിട്ടില്ല ഉയർന്ന ലോഡ് കാരണം പ്രസരണ വിതരണ ശൃംഖലയ്ക്ക് താങ്ങാനാകാത്ത സമ്മർദ്ദം ഉണ്ടാകുന്ന പക്ഷം മാത്രം അരമണിക്കൂറിൽ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ലോഡ് ഡെസ്പാച്ച് സെൻ്ററിൻ്റെ ചുമതലയുള്ള ചീഫ് എഞ്ചിനീയർക്ക് ഉന്നതതല യോഗം അനുമതി നൽകി എന്ന കെ എസ് ഇ ബിയുടെ ഔദ്യോഗിക പത്രക്കുറിപ്പിനെ ദുർവ്യാഖ്യാനിച്ച് കേരളത്തിൽ ലോഡ്ഷെഡിംഗ് ഏർപ്പെടുത്തി എന്ന് പല മാധ്യമങ്ങളും വാർത്ത നൽകിയത് തികച്ചും ഖേദകരമാണ്." എന്ന് കെഎസ്ഇബി
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും ആവർത്തിച്ചിരുന്നു. ഓവര്‍ലോഡ് വരുമ്പോള്‍ ട്രിപ് ആവുന്നതാണ് എന്നാണ് കെ കൃഷ്ണൻകുട്ടിയുടെ വിശദീകരണം. കാലാവസ്ഥാമാറ്റം ആണ് പ്രതിസന്ധിക്ക് കാരണമെന്നും ഉഷ്ണതരംഗം ആരും പ്രതീക്ഷിക്കാതെ വന്നതാണെന്നും പശ്ചിമേഷ്യന്‍ യുദ്ധവും തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു. ഉല്‍പാദനരംഗത്ത് ഒന്നും ചെയ്തില്ല എന്ന് പറയുന്നത് ശരിയല്ലെന്നും മുന്‍കൂട്ടി കണ്ട് തന്നെയാണ് പ്രവര്‍ത്തനം നടത്തിയതെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.







