11 April, 2026 10:12:02 AM
ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെ സി വേണുഗോപാല്‍- ഷോണ്‍ ജോര്‍ജ്

കോട്ടയം: ദീപിക പത്രത്തിനെതിരെ പറഞ്ഞ ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. സാന്റാമോണിക്ക ഉള്‍പ്പെടെയുളള കമ്പനികൾക്ക് ഷെയര്‍ ഉളള സ്ഥാപനമാണ് ദീപികയെന്നും സാന്റാമോണിക്കയുടെ ഉടമയാണ് ദീപികയുടെ വൈസ് ചെയര്‍മാനെന്നും ഷോൺ ജോർജ് പറഞ്ഞു. എഫ്സിആര്‍എയുമായി ബന്ധപ്പെട്ട് സഭയെ അധിക്ഷേപിച്ച് സംസാരിച്ചതിന് പിന്നാലെ പി സി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ദീപികയുടെ മുഖപ്രസംഗം.
അങ്ങനൊരു സ്ഥാപനം നിയന്ത്രിക്കുന്ന പത്രത്തിന്‍റേത് സഭയുടെ മുഖപ്രസംഗമായി കാണാന്‍ ഇപ്പോള്‍ സൗകര്യമില്ലെന്നും ഷോൺ വ്യക്തമാക്കി. കഴിഞ്ഞ ആറുമാസത്തിനിടെ കര്‍ണാടക, തെലങ്കാന, ഹിമാചല്‍ എന്നീ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ടൂറിസം വകുപ്പിന്റെ മുഴുവന്‍ പരസ്യങ്ങളും കെ സി വേണുഗോപാല്‍ കൊണ്ട് ദീപികയ്ക്ക് കൊടുത്തിട്ടുണ്ടെന്നും കെ സി വേണുഗോപാലാണ് ദീപികയുടെ എഡിറ്റോറിയല്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ രണ്ട് മാസക്കാലമായി കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തേയും ദീപികയേയും താന്‍ രണ്ടായിട്ടല്ല കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടും ഒരുപോലെയാണെന്നും ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'ദീപികയ്‌ക്കെതിരെ പറഞ്ഞതിന് എനിക്ക് ഏറ്റവും പിന്തുണ ലഭിച്ചത് സഭയില്‍ നിന്ന് തന്നെയാണ്. ദീപിക നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചു എന്ന അഭിപ്രായമാണ് എല്ലാവര്‍ക്കും. കാരണം സഭയുടെ മുഖപ്രസംഗം എന്ന് പറഞ്ഞ് പിതാക്കന്മാരെ പറ്റിച്ച് ഇതിങ്ങനെ കൊണ്ടുനടക്കുകയാണ്. 15 കോടി രൂപയാണ് ഇവരുടെ ഇന്‍വെസ്റ്റ്‌മെന്റ്. 3 മണിക്കൂര്‍ സമയം തന്നാല്‍ മതി 15 കോടി കൊടുത്തേക്കാം. സഭയ്ക്ക് അതിനും മാത്രം ദാരിദ്രമില്ലെന്നേ.
ഇങ്ങനൊരു ഇന്‍വെസ്റ്ററെ ആവശ്യമില്ല. ദീപിക സഭയുടേതായി മാറണം. ദീപിക എന്ന പത്രത്തിനകത്ത് കയറിയിരിക്കുന്ന പുഴുക്കുത്തുകള്‍ക്ക് സ്ഥാപിത രാഷ്ട്രീയ താല്‍പ്പര്യമുണ്ട്. അവര്‍ കോണ്‍ഗ്രസിന് വേണ്ടി കുഴലൂത്ത് നടത്തുന്നു. പി സി ജോര്‍ജ്ജ് മെത്രാന്മാര്‍ക്കെതിരെ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. സഭയും ദീപികയുമായി ഒരു ബന്ധമില്ല. കഴിഞ്ഞ ആറുമാസമായി ദീപികയ്ക്ക് രേവന്ത് റെഡ്ഡിയുടെ പരസ്യം നിരന്തരമുണ്ട്. ദീപികയുടെ എഡിറ്റോറിയല്‍ പോളിസിയെ കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തിട്ടുണ്ട്,' ഷോൺ ജോർജ് പറഞ്ഞു.







