04 April, 2026 10:29:36 AM


പരസ്യപ്രചാരണം അവസാനലാപ്പിലേക്ക്; രാഹുലും മോദിയും ഇന്ന് കേരളത്തിൽ



തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനലാപ്പിലേക്ക് കടന്നിരിക്കെ , പ്രവർത്തകർ ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി  തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സംഗമം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരത്ത് നടത്തുന്ന റോഡ്‌ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോദി അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വൈകീട്ട് മൂന്നിന് ചങ്ങനാശേരി കോളജ് ഗ്രൗണ്ടില്‍ ഇറങ്ങും. അവിടെ നിന്ന് റോഡ് തിരുവല്ലയില്‍ എത്തും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംഗമത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകീട്ട് റോഡ് ഷോയ്ക്ക് ശേഷം മോദി ഡല്‍ഹിയിലേക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എം.സി റോഡില്‍ തിരുവല്ല മുതല്‍ ചങ്ങനാശ്ശേരി വരെ 4ാം തീയതി ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നരം 6വരെ ട്രാഫിക് നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജും പരിസരപ്രദേശങ്ങളും 4ാം തീയതി 12 മണിയോടുകൂടി പൊലീസ് നിയന്ത്രണത്തില്‍ ആകും.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നിട് കൊച്ചിയിലുമാണ് പ്രചരണം. കൊച്ചിയില്‍ മുഹമ്മദ് ഷിയാസിന് വേണ്ടിയും കുന്നത്തുനാട്ടില്‍ വി പി സജീന്ദ്രനുവേണ്ടിയും തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രാരണ വിഷയങ്ങള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ആവേശം പകരുന്നതാണ്. നേരത്തെ, ശബരിമല സ്വർണക്കൊള്ള ഉയർത്തി രാഹുൽ എൽഡിഎഫിനെ കടന്നാക്രമിച്ചിരുന്നു. ഇന്ധനപ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനേയും രാഹുൽ കടന്നാക്രമിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933