30 March, 2026 08:43:21 PM


'റബറിന്റെ താങ്ങുവില 250 രൂപയാക്കും'; ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെന്ന് രാഹുല്‍ ഗാന്ധി



കോട്ടയം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കി നിശ്ചയിക്കുമെന്ന് രാഹുല്‍ ഗാന്ധി. ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോട്ടയത്തെ പാമ്പാടിയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'റബറിന്റെ നാടാണ് കേരളം. 90 ശതമാനം റബ്ബറും ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കാര്‍ഷിക മേഖലയില്‍ റബറിന്റെ താങ്ങുവില എന്നത് പ്രധാന പ്രശ്‌നമാണ്. പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും 2016ലെ പ്രകടനപത്രികയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 250 രൂപയെന്ന മിനിമം താങ്ങുവില വാഗ്ദാനം നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. അതുമാത്രമല്ല 2016ല്‍ 250 രൂപ പ്രഖ്യാപിച്ച എല്‍ഡിഎഫ് മുന്നണി 2026ല്‍ 200 രൂപയാണ് താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളത്. 

വിരോധാഭാസമെന്ന് പറയട്ടെ, ഇന്നത്തെ റബറിന്റെ വിപണി വില 220 രൂപയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഉത്പന്നങ്ങള്‍ക്ക് കൃത്യമായ താങ്ങുവില ഉറപ്പാക്കാനും യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭരണത്തിലെത്തിയാല്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു' രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തില്‍ ഏത് നിയമസഭാ മണ്ഡലത്തിലേക്കാണ് പ്രചാരണത്തിനായി പോകേണ്ടതെന്ന് പാര്‍ട്ടി നേതൃത്വം ചോദിച്ചപ്പോള്‍, പുതുപ്പള്ളി മണ്ഡലം നിര്‍ബന്ധമായും സന്ദര്‍ശിക്കണം എന്നായിരുന്നു. കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 50 വര്‍ഷം ജനസേവകനായി പ്രവര്‍ത്തിച്ച മണ്ഡലമാണിതെന്നും രാഹുല്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925