25 August, 2025 03:53:56 PM


രാമനാട്ടുകരയിൽ പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ



കോഴിക്കോട്: രാമനാട്ടുകരയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ 15കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് സ്വദേശി വള്ളിക്കാട്ട് റിയാസ് (29) ആണ് പിടിയിലായത്. പ്രതി ഒറീസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്.

മലപ്പുറത്ത് നിന്നും ഇയാൾ പാലക്കാട്, സേലം, മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിലും ചെന്നൈയിലും ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്തതിന്റെ പശ്ചാത്തലത്തിൽ പൊലീസ് മലപ്പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഈ മാസം 19നായിരുന്നു ഫറോക്കിൽ താമസിക്കുന്ന പെൺകുട്ടിയെ കാണാതായത്. 

പെൺകുട്ടി ജോലി ചെയ്യുന്ന കടയിൽ നിന്ന് വിളിച്ചിറക്കി ആൺ സുഹൃത്ത് കാറിൽ കൊണ്ടുപോകുകയും പരിചയമില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. യുവാവ് മദ്യം നൽകിയാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.

പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു. തട്ടിക്കൊണ്ടുപോയതിന് തൊട്ടടുത്ത ദിവസം അവശനിലയിലായ പെൺകുട്ടിയെ നടുറോഡിൽ ഇറക്കി വിടുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു. 

സംഭവത്തിൽ മുഖ്യപ്രതിയുടെ സുഹൃത്ത് എന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പെൺകുട്ടിയെ പാർപ്പിച്ച സ്ഥലത്തെ സിസിടിവി ഹാർഡ് ഡിസ്ക് പ്രതി കിണറ്റിൽ എറിഞ്ഞത് പൊലീസ് കണ്ടെടുത്തിരുന്നു. 2019 ൽ കടയിലെ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയാണ് പിടിയിലായ റിയാസെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K