05 January, 2026 10:18:17 AM
പഞ്ചാബിൽ വിവാഹപാര്‍ട്ടിക്കിടെ ആം ആദ്മി നേതാവിനെ വെടിവെച്ച് കൊന്നു

അമൃത്സര്‍: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ച് കൊന്നു. അമൃത്സറിലെ ഒരു റിസോര്‍ട്ടിലാണ് സംഭവം. താണ്‍ തരണ്‍ ജില്ലയിലെ വല്‍ത്തോഹയിലെ സര്‍പഞ്ചായ ജര്‍മല്‍ സിങ്(50) ആണ് കൊല്ലപ്പെട്ടത്. വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ രണ്ട് പേര്‍ എത്തി ജര്‍മല്‍ സിങിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ട് പേര്‍ ജര്‍മല്‍ സിങിന്റെ സമീപത്തേയ്ക്ക് വരുന്നതും പോയിന്റ് ബ്ലാങ്കില്‍ തലയ്ക്ക് വെടിവെയ്ക്കുന്നതും വീഡിയോയില്‍ കാണാം.
അതിഥികളെന്ന വ്യാജേനയായിരുന്നു രണ്ടംഗ സംഘം അകത്ത് കടന്നത്. വിവാഹ സല്‍ക്കാരം നടക്കുന്ന സ്ഥലത്തെത്തിയ സംഘം ജര്‍മല്‍ സിങിന് സമീപം എത്തുകയും ഒരാള്‍ പോയിന്റ് ബ്ലാങ്കില്‍ തലയ്ക്ക് നേരെ വെടിയുതിര്‍ത്തുകയുമായിരുന്നു. പിന്നില്‍ നിന്നായിരുന്നു വെടിയുതിർത്തത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ജര്‍മല്‍ സിങ് മരിച്ചു. സംഭവം നടക്കുമ്പോള്‍ ആം ആദ്മി എംഎല്‍എ സര്‍വന്‍ സിങ് ദുന്നും സ്ഥലത്തുണ്ടായിരുന്നു.





