07 January, 2026 04:44:06 PM


ബെംഗളൂരുവിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി



കർണാടക: ബെംഗളൂരുവിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കിഴക്കൻ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിലാണ് സംഭവം. പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

ജനുവരി 5നാണ് പെൺകുട്ടിയെ കാണാതായത്. ജനുവരി 6ന് കുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. സ്ഥലത്തെ മറ്റൊരു അതിഥി തൊഴിലാളിയായ യൂസഫ് മീറാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് സംശയിക്കുന്നതായാണ് പരാതിയിൽ പറയുന്നതെന്ന് പൊലീസ് അറിയിച്ചു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം സമീപത്തെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തിയത്.

കുറ്റകൃത്യത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. അയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നി​ഗമനം. കൊലപാതകത്തിൽ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമോ കാരണം വ്യക്തമാകുകയുള്ളു എന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953