29 January, 2026 04:30:48 PM


പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; മോഷ്ടിച്ചത് 50 പവൻ സ്വർണാഭരണങ്ങൾ



പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം സ്വർണാഭരണങ്ങൾ ആണ് കവർന്നത്. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കൈപ്പുഴയിൽ പ്രവാസിയായ ബിജുനാഥിന്റെ വീട്ടിൽ ആയിരുന്നു കവർച്ച നടന്നത്. ബിജുവും കുടുംബവും വിദേശത്താണ്. ബിജുവിൻ്റെ അമ്മ ഓമന പകൽ സമയത്ത് വീട്ടിൽ നിൽക്കുകയും രാത്രി മൂത്ത മകൻ്റെ വീട്ടിലേക്ക് പോകുന്നതുമാണ് പതിവ്. 

വീടിന്റെ മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. രാവിലെ ഓമന വന്നപ്പോഴാണ് കവർച്ചാ വിവരം അറിഞ്ഞത്. വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങൾ ആണ് നഷ്ടമായത്. വീടും സ്ഥലവും നന്നായി നിരീക്ഷിച്ചുവന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950