22 July, 2025 10:41:50 AM
ബംഗ്ലാദേശിൽ വ്യോമസേനാ വിമാനം സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നു വീണു, 19 മരണം

ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലനവിമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് ധാക്കയിലെ സ്കൂൾകെട്ടിടത്തിൽവീണ് 19 പേർ മരിച്ചു. 116 പേർക്ക് പരിക്കേറ്റു. മരിച്ചവരിലും പരിക്കേറ്റവരിലും ഏറെയും കുട്ടികളാണ്. ബംഗ്ലാദേശി എയര്‍ഫോഴ്‌സിന്റെ പരിശീലന വിമാനമായ എഫ്-7 ബിജിഐ ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വലിയ സ്‌ഫോടനത്തോടെ വിമാനം തകര്‍ന്നുവീണു. ഉടന്‍ തന്നെ വിമാനത്തിന് തീപിടിച്ചതായും ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തിന് തൊട്ടുപിന്നാലെ, അഗ്‌നിശമന സേനാ യൂണിറ്റുകളും ആംബുലന്‍സുകളും വ്യോമസേനാ ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ട വിമാനം ബംഗ്ലാദേശ് വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അപകടകാരണം വ്യക്തമല്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് പുകയുയരുന്നതും അഗ്‌നിശമന സേന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.