07 July, 2025 09:30:19 PM
ബിഹാറിൽ ദുർമന്ത്രവാദികളെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേരെ ചുട്ടുകൊന്നു

ബിഹാറിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ ചുട്ടു കൊന്നു. ബീഹാർ പൂർണിയയിൽ ആണ് കൊലപാതകം. ദുർമന്ത്രവാദികളെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം അഞ്ചു പേരെ മർദിച്ച് തീ കൊളുത്തിയത്. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. അഞ്ച് പേരിൽ ഒരാളായ 45 വയസ്സുള്ള ഒരു സ്ത്രീ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ ചുട്ടുകൊന്നതെന്ന് ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
ബാബു ലാൽ ഒറാവോൺ (50), അമ്മ കാന്റോ ദേവി (70), ഭാര്യ സീതാ ദേവി (45), മകൻ മഞ്ജിത് കുമാർ (25), മരുമകൾ റാണി ദേവി (22) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ബാബു ലാലിന്റെ 16 വയസ്സുള്ള ഇളയ മകൻ രക്ഷപ്പെട്ടു. പിന്നീട് പോലീസിന് മൊഴി നൽകുകയും ചെയ്തു. വൈകുന്നേരം വീട്ടിലേക്ക് എത്തിയ 50 പേരടങ്ങുന്ന ആൾക്കൂട്ടത്തിന്റെ പ്രധാന ലക്ഷ്യം തന്റെ അമ്മ സീതാ ദേവിയായിരുന്നുവെന്നും, അമ്മയെ ആക്രമിക്കുന്നത് പ്രതിരോധിക്കാൻ എത്തിയ മറ്റുള്ളവരെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നുമാണ് 16കാരൻ പോലീസിനോട് പറഞ്ഞത്.
ഒടുവിൽ അക്രമ സംഘം മടങ്ങിയപ്പോൾ മരിച്ചവരുടെ മൃതദേഹങ്ങൾ കൂടെ കൊണ്ടുപോയി എന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡീസൽ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ കത്തിച്ചതെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഒരാൾ പറഞ്ഞു.ഗ്രാമത്തിലെ ആരും പോലീസുമായി സഹകരിക്കുന്നില്ലെന്നും മൊഴി നൽകിയ 16കാരനിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.