24 November, 2025 08:20:45 AM
കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; നഗരസഭ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ

കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ നഗരസഭ മുൻ കൗൺസിലറും മകനും ചേര്‍ന്ന് കുത്തിക്കൊന്നു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ഹൗസില്‍ ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. ടിറ്റോ എന്നു വിളിക്കുന്ന വി കെ അനില്‍കുമാറും മകൻ അഭിജിത്തും ചേര്‍ന്നാണ് യുവാവിനെ കുത്തിക്കൊന്നത്. അനില്‍കുമാറിന്റെ മകന്‍ കഞ്ചാവ്, അടിപിടി കേസുകളില്‍ പ്രതിയാണ്. നേരത്തെ യുഡിഎഫ് കൗണ്‍സിലറായിരുന്ന അനിലിന് ഇക്കുറി സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാനുളള ശ്രമം നടത്തിയിരുന്നു.
ലഹരി ഇടപാടിനെ ചൊല്ലിയും സാമ്പത്തിക ഇടപാടിനെ ചൊല്ലിയുമുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. മരിച്ച ആദർശ് ലഹരി കേസുകളിൽ പ്രതിയാണ്. അനിൽകുമാറിന്റെ മകൻ അഭിജിത്താണ് കൊലപ്പെടുത്തിയത്. ആദർശും സുഹൃത്ത് റോബിനും അനിൽകുമാറിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. മരിച്ച ആദർശിന് അഭിജിത്ത് പണം നൽകാനുണ്ട്. എംഡിഎംഎ കൈമാറിയതിനും വാഹനം പണയം വെച്ചതിന്റെയും പണമാണ് നൽകാനുള്ളത്.





