11 December, 2025 10:46:39 AM


യുപിയില്‍ വ്യാജ ഡോക്ടര്‍ യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി രോഗി മരിച്ചു



ലക്നൗ : ഉത്തര്‍പ്രദേശില്‍ വ്യാജ ഡോക്ടര്‍ യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി രോഗി മരിച്ചു. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ ബരാബങ്കി സ്വദേശിനി മുനിശ്ര റാവത്താണ് മരിച്ചത്. മദ്യ ലഹരിയിലാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്ത്രീയുടെ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് പകരം ആമാശയത്തിലെയും ചെറുകുടലിലെയും അന്നനാളത്തിലെയും ഒന്നിലധികം പ്രധാനപ്പെട്ട ഞരമ്പുകള്‍ മുറിച്ചുമാറ്റിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഇതാണ് മരണകാരണമായത്. വ്യാജ ഡോക്ടര്‍ക്കും അയാളുടെ കൂട്ടാളിക്കുമെതിരേ പൊലീസ് കേസെടുത്തു.

ഡിസംബര്‍ അഞ്ചിന് മുനിശ്രയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഭര്‍ത്താവ് ഫത്തേ ബഹാദൂര്‍ ബരാബങ്കിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ദാമോദര്‍ ഔഷധാലയത്തിലേക്ക് അവരെ കൊണ്ടുപോയി. ഇത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കായിരുന്നു. ഗ്യാന്‍ പ്രകാശ് മിശ്ര, വിവേക് മിശ്ര എന്നിവരാണ് ഈ ക്ലിനിക്കിന്റെ ഉടമകള്‍. സ്ത്രീയ്ക്ക് വൃക്കയില്‍ കല്ലുള്ളതിനാലാണ് വയറുവേദന വന്നതെന്ന് പരിശോധിച്ചശേഷം ഗ്യാന്‍ പ്രകാശ് പറഞ്ഞു. തുടര്‍ന്ന് അവര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ നിര്‍ദേശിച്ചു. 25,000 രൂപയാണ് ശസ്ത്രക്രിയ ഫീസായി ആവശ്യപ്പെട്ടത്. എന്നാല്‍, പിന്നീട് ഈ തുക 20000 രൂപയായി കുറച്ചു നല്‍കി.

പിറ്റേദിവസം ഒരു യൂട്യൂബ് വീഡിയോ നോക്കി പ്രകാശ് മിശ്ര ശസ്ത്രക്രിയ ആരംഭിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് സ്ത്രീയുടെ വയറിനുള്ളിലെ വിവിധ അവയവങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് പിറ്റേദിവസം സ്ത്രീയ്ക്ക് കഠിനമായ വേദന അനുഭവപ്പെടുകയും പിന്നാലെ മരിക്കുകയുമായിരുന്നു. മുനിശ്രയുടെ മരണവിവരം പുറത്തുവന്നതോടെ പ്രകാശ് മിശ്രയും കുടുംബവും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.

സ്ത്രീയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് ഫത്തേ ബഹാദൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുനിശ്രയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഗ്യാന്‍ പ്രകാശ് മിശ്ര, വിവേഗ് മിശ്ര എന്നിവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും എസ്‌സി/എസ്ടി നിയമപ്രകാരവും കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937