02 July, 2025 09:38:19 AM


ഗാസയിൽ വെടിനിർത്തലിന് ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ്



വാഷിങ്ടണ്‍: ഗസ്സയിൽ അറുപതു ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിർത്തൽ സമയത്ത് എല്ലാ കക്ഷികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറും ഈജിപ്തും അന്തിമനിർദ്ദേശം സമർപ്പിക്കും. ഹമാസ് കരാർ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോണൾഡ് ട്രംപ് പ്രതികരിച്ചു.

നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രയേൽ വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. വെടിനിർത്തലിനായി ഈജിപ്തും, ഖത്തറും വളരെയധികം സഹായിച്ചെന്ന് ട്രംപ് പറഞ്ഞു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദി കൈമാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്തിയാൽ ഗാസയിൽ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ തയാറാണെന്ന് ഹമാസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927