09 May, 2025 09:30:03 AM
'ഇതൊന്നും ഞങ്ങളുടെ വിഷയമേ അല്ല'; ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ജെ ഡി വാൻസ്

വാഷിംഗ്ടൺ: ഇന്ത്യ-പാക് സംഘർഷത്തിൽ പ്രതികരിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഇതൊന്നും 'ഞങ്ങളുടെ വിഷയമേ അല്ല' എന്ന പ്രതികരണമാണ് ജെ ഡി വാൻസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഫോക്സ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു വാൻസിന്റെ പരാമർശം. ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്യാൻ സാധിക്കുക എന്ന് വാൻസ് പറഞ്ഞു.
'ഈ യുദ്ധം ഞങ്ങളുടെ വിഷയം അല്ലാത്തതിനാൽ, ഇതിലൊന്നും ഇടപെടാൻ പോകുന്നില്ല. രണ്ട് പേരോടും ആയുധം താഴെവെക്കാൻ ഞങ്ങൾക്ക് പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ നയതന്ത്ര രീതിയിൽ മാത്രമേ ഇത് പരിഹരിക്കാൻ കഴിയുകയുള്ളൂ' എന്നും വാൻസ് വ്യക്തമാക്കി. അതിർത്തി യുദ്ധമോ ആണവായുധമോ ആകാതെ ഇരിക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആഗ്രഹമെന്നും വാൻസ് കൂട്ടിച്ചേർത്തു. ഇതൊരു പ്രാദേശിക യുദ്ധത്തിലേക്കോ ഒരു ആണവ സംഘര്‍ഷത്തിലേക്കോ നീങ്ങില്ല എന്നാണ് നമ്മുടെ പ്രതീക്ഷയെന്നും ഇപ്പോള്‍ അങ്ങനെ സംഭവിക്കില്ലെന്നാണ് കരുതുന്നതെന്നും വാന്‍സ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മുതലാണ് പാകിസ്താൻ ഇന്ത്യക്ക് നേരെ മിസൈൽ ആക്രമണം അഴിച്ചുവിട്ടത്. ഇവയെയെല്ലാം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തിരുന്നു. പാകിസ്താന്റെ എട്ട് മിസൈലുകളാണ് ഇന്ത്യ തകർത്തത്. ജമ്മു, ഉദംപൂർ, അഖ്‌നൂർ, പത്താൻകോട്ട്, ഗുരുദാസ്പൂർ, ജയ്സാൽമീർ തുടങ്ങിയ സ്ഥലങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായിരുന്നു. തുടർന്ന് അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും ആക്രമണം നടത്തിയിരുന്നു.
തുടർന്ന് രാത്രി തന്നെ ദില്ലിയിൽ തിരക്കിട്ട കൂടിയാലോചനകൾ നടന്നിരുന്നു. ഉറിയിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പാകിസ്ഥാനെതിരെ കടല്‍മാര്‍ഗവും നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യ ഒരുങ്ങുന്നുവീണാണ് റിപ്പോർട്ടുകൾ. അറബിക്കടലിൽ നാവികസേന നീക്കം തുടങ്ങിയെന്നാണ് സൂചന. പാകിസ്ഥാനിലെ കറാച്ചി, ഒർമാര തുറമുഖങ്ങളിൽ ഐഎൻഎസ് വിക്രാന്ത് എത്തിച്ചേര്‍ന്നു. മിസെെലുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ട്.