12 May, 2025 07:09:30 PM
മണിപ്പുഴയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കോട്ടയം: എം സി റോഡിൽ കോട്ടയം മണിപ്പുഴയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിയായ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. മണിപ്പുഴയിൽ നിപ്പോൺ ടൊയോട്ട സർവീസ് സെന്ററിന് മുന്നിലാണ് അപകടം..അപകടത്തിൽ തിരുവല്ല കവിയൂർ സ്വദേശി പെണ്ണമ്മ (76) ആണ് പരിക്കേറ്റത്. പെണ്ണമ്മയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മകൾ സുവർണ്ണയ്ക്ക് കാലിന് സാരമായ പരിക്കുകൾ ഏറ്റു.
ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ തിരുവല്ലയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി വന്നതിനുശേഷം തിരികെ പോകുംവഴിയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ മണിക്കുട്ടനും സാരമായ പരിക്കുകൾ ഉണ്ട്. ഇവരെ ഉടൻതന്നെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കോട്ടയം മണിപ്പുഴ എം സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.