08 May, 2025 08:27:40 PM


ദേശീയസമ്പാദ്യ പദ്ധതി നിക്ഷേപം സമ്പദ്ഘടനയുടെ 'ഷോക് അബ്സോർബർ'-മന്ത്രി വി.എൻ. വാസവൻ



കോട്ടയം: പ്രതിസന്ധിഘട്ടങ്ങളിൽ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിക്കുന്നത് ദേശീയ സമ്പാദ്യപദ്ധതിയിലൂടെ സ്വരൂപിക്കുന്ന സമ്പത്താണെന്ന് സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ദേശീയ സമ്പാദ്യ വകുപ്പിന്റെ കോട്ടയം ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ടാകുമ്പോൾ ഒരു ഷോക് അബ്സോർബർ പോലെയാണ് ദേശീയസമ്പാദ്യ പദ്ധതിയിലെ നിക്ഷേപം പ്രവർത്തിക്കുന്നത്. സ്റ്റുഡന്റ്സ് സേവിങസ്് സ്‌കീം വിദ്യാർഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം ദുശീലങ്ങളിലേക്ക് വഴുതിവീഴാതിരിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം മാമ്മൻ മാപ്പിള സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു.

 ദേശീയ സമ്പാദ്യപദ്ധതി ഡയറക്ടർ എസ്. മനു, അഡീഷണൽ ഡയറക്ടർ പി. അജിത്ത് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ജ്യോതി ദാമോദരൻ, അസിസ്റ്റന്റ് ഡയറക്ടർ കെ.ജെ.ഷോബിച്ചൻ, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് കെ.എ. സുനിമോൾ,കോട്ടയം ഡിവിഷൻ പോസ്റ്രൽ സൂപ്രണ്ട് സ്വാതി റാണ എന്നിവർ പ്രസംഗിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച മഹിളാ പ്രധാൻ ഏജന്റുമാരെയും എസ്.എ.എസ്. ഏജന്റുമാരെയും ചടങ്ങിൽ ആദരിച്ചു. സ്റ്റുഡന്റ്സ് സേവിങ്സ് സ്‌കീം പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്‌കൂളുകൾക്കും നേതൃത്വം നൽകിയ ഡി.ഇ.ഒ., എ.ഇ.ഒ. ഓഫീസുകൾക്കും പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K