25 April, 2025 09:51:11 PM
സ്റ്റാറ്റസ് പ്രേമികളേ ഇതിലേ ഇതിലേ, നിങ്ങൾക്ക് നാഗമ്പടത്തെ സെൽഫി പാടങ്ങൾ

കോട്ടയം: മനോഹരമായ വെള്ളച്ചാട്ടം, കടൽത്തീരം, പാടവരമ്പ്, പാലങ്ങൾ, കുന്നുകൾ.. ഇവയെല്ലാം ഒറ്റ സ്പോട്ടിൽ കിട്ടണോ.... എല്ലാമുണ്ട് നാഗമ്പടത്തെ എന്റെ കേരളം പ്രദർശനവിപണന മേളയിൽ. സെൽഫി എടുക്കാനും സ്റ്റാറ്റസാക്കാനും തിരക്കോടു തിരക്കാണിവിടെ. പ്രവേശനകവാടം മുതൽ മേള അവസാനിക്കുന്നിടം വരെ ഒട്ടേറെ സെൽഫി പോയിന്റുകൾ. ഒരേ സമയം കണ്ണിന് കുളിർമയേകുന്ന ദൃശ്യങ്ങളും ഒപ്പം പിണറായി വിജയൻ സർക്കാരിന്റെ വികസന നേട്ടങ്ങളും. ന്യൂ ജനറേഷന്റ പൾസ് മനസ്സിലാക്കിയാണ് മേളയിലെ വിവിധ വകുപ്പുകൾ സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത്. പൊലീസാകാനും ജയിലിൽ കിടക്കാനും ഇവിടെ അവസരമുണ്ട്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്കും പങ്കാളിയാക്കാനുള്ള അവസരമാണ് സെൽഫി പോയിന്റുകൾ നൽകുന്നത്. പ്രദർശന വിപണനമേള തുടങ്ങുമ്പോൾ മുതൽ ഫോട്ടോ പോയിന്റുകളും തുടങ്ങുന്നു. കാണുന്നയിടങ്ങളെല്ലാം കൗതുകമുണർത്തുന്ന മേളയിൽ എല്ലാ കാഴ്ചകളും ക്യാമറ കണ്ണിൽ ഒപ്പിയെടുക്കാൻ മത്സരമാണ്. വാട്സാപ്പിൽ സ്റ്റാറ്റാസായും ഇൻസ്റ്റാഗ്രാമിൽ റീലുകളായും തിളങ്ങുകയാണ് എന്റെ കേരളം പ്രദർശന വിപണന മേള. ഈ അവസരം ഏപ്രിൽ 30 വരെ മാത്രം.