21 March, 2025 08:23:08 AM


കണ്ണൂരിൽ 49കാരനെ വെടിവെച്ച് കൊന്ന സംഭവം; പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും



കണ്ണൂർ: കൈതപ്രത്ത് നാൽപ്പത്തിയൊമ്പതുകാരനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും. കൊലപാതക കാരണം വ്യക്തിവൈരാഗ്യമെന്ന് സൂചന. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനും ശ്രമം. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവ മെഡിക്കൽ കോളജിൽ നടക്കും.

വ്യക്തി വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സന്തോഷിന്റെ മൊഴി. ആക്രമിക്കണമെന്ന് ഉറപ്പിച്ചാണ് തോക്ക് കൈയിൽ കരുതിയെന്നും സന്തോഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പോയിന്റ് ബ്ളാങ്കിൽ നിന്നാണ് രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിർത്തത്. നെഞ്ചിലേറ്റ ഒരൊറ്റ വെടിയാണ് രാധാകൃഷ്ണന്റെ മരണ കാരണം. രാധാകൃഷ്ണന്റെ ഭാര്യമതാവിനായി നിർമിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. വീട് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നു. കൂടാതെ ഫോണിൽ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറയുന്നു.

ഇന്നലെ വൈകിട്ട് ആറു മണിക്ക് ശേഷം ഇരുവരും നിർമാണത്തിലിരുന്ന വീട്ടിലേക്ക് എത്തുകയായിരുന്നു. ഇവിടെവെച്ച് നടന്ന തർക്കത്തിനൊടുവിൽ രാധാകൃഷ്ണന് നേർക്ക് സന്തോഷ് നിറയൊഴിക്കുകയായിരുന്നു. കൊലപാതക സമയം പ്രതി മദ്യ ലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ നേരത്തെയും നാടൻ തോക്ക് ഉപയോ​ഗിക്കുമായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K