17 March, 2025 06:32:15 PM


മലപ്പുറത്ത് ഭക്ഷണത്തിൽ ലഹരി കലർത്തി പീഡനം; 23കാരൻ അറസ്റ്റിൽ



മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തില്‍ രാസ ലഹരി കലര്‍ത്തി നല്‍കി ലഹരിക്കടിമയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു. കോട്ടക്കലില്‍ ആണ് സംഭവം. സംഭവത്തില്‍ വേങ്ങര ചേറൂര്‍ സ്വദേശി ആലുങ്ങല്‍ അബ്ദുല്‍ ഗഫൂറി(23)നെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2020 മുതല്‍ 2025 മാർച്ച് വരെ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്നിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയും അബ്ദുല്‍ ഗഫൂറും പരിചയത്തിലാകുന്നത്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ ഇയാള്‍ വശീകരിച്ചു. പിന്നീട് പലഘട്ടങ്ങളിലായി ഇയാള്‍ പെണ്‍കുട്ടിക്ക് ഭക്ഷണത്തില്‍ എംഡിഎംഎ പോലുള്ള രാസലഹരികള്‍ കലര്‍ത്തി നല്‍കി. പതിയെ പെണ്‍കുട്ടി ലഹരിക്കടിമയാകുകയും യുവാവ് ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുടെ നഗ്നചിത്രം പകര്‍ത്തി ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ ആദ്യം ഡോക്ടര്‍മാരുടെ അടുത്തും പിന്നീട് ഡീഅഡിക്ഷന്‍ സെന്ററിലും എത്തിച്ചു. ചികിത്സയിലൂടെ പെണ്‍കുട്ടി ലഹരിയില്‍ നിന്ന് പൂര്‍ണമായും മുക്തയായി. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി താന്‍ ചൂഷണം ചെയ്യപ്പെട്ടതായി തിരിച്ചറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം എത്തി പെണ്‍കുട്ടി കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K