31 December, 2024 06:11:17 PM


ഉമാ തോമസിനുണ്ടായ അപകടം; സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കീഴടങ്ങണമെന്ന് ഹൈക്കോടതി



കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തു എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തുന്നുവെന്നു വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് പൊലിസിന്റെ നടപടി. അതേസമയം, സംഘാടകരായ മൃദംഗ വിഷന്‍, ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമകളോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.

അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മരണം വരെ സംഭവിക്കാവുന്ന വീഴ്ച വരുത്തിയതിനാണ് മൃദംഗ വിഷന്‍ സിഇഒ ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. നേരത്തെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.

ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിക്കിടെ 15അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുന്‍പ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്. ഉടന്‍ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K