17 November, 2023 10:12:33 AM


ഭാര്യയെ വെടിവെച്ചത് സാമ്പത്തിക തര്‍ക്കത്തിനിടെ; ഏറ്റുമാനൂർ സ്വദേശി യുവാവ് കുറ്റം സമ്മതിച്ചു



ഷിക്കാഗോ: സാമ്പത്തികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുഎസില്‍ മലയാളി യുവതിയെ ഭര്‍ത്താവ് വെടിവച്ചതെന്ന് പൊലീസ്. യുഎസില്‍ താമസമാക്കിയ ഉഴവൂര്‍ കുന്നാംപടവില്‍ മീര ഏബ്രഹാമി(30)നെയാണു ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പള്ളി അമല്‍ റെജി (30) വെടിവച്ചത്.

മീര രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. വെടിയേറ്റതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചു.ചികിത്സയില്‍ കഴിയുന്ന മീരയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വധശ്രമത്തിനും ഗര്‍ഭസ്ഥശിശുവിന്‍റെ കൊലപാതകത്തിനും അമലിനെതിരെ കേസെടുത്തു. ഇയാള്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വീട്ടിലാണു വഴക്ക് ആരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. വഴക്ക് മറ്റു ബന്ധുക്കള്‍ അറിയാതിരിക്കാന്‍ ഇരുവരും കാറില്‍ കയറി പുറത്തേക്കു പോയി. കാറിലുണ്ടായ തര്‍ക്കത്തിനിടെയാണ് അമല്‍ കൈവശമുണ്ടായിരുന്ന തോക്കു കൊണ്ടു മീരയെ വെടിവയ്ക്കുന്നത്. യുഎസ് സമയം തിങ്കളാഴ്ച രാത്രി 7.30ന് (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 7 ) ആണു സംഭവമെന്നും പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K