31 October, 2023 06:06:24 AM


താമസ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈത്ത്; 12,000 പേരെ നാടുകടത്തി



കുവൈത്ത് സിറ്റി: താമസ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈത്ത്. റസിഡൻസ് നിയമം ലംഘിച്ച 12,000 പേരെ കഴിഞ്ഞ മൂന്നുമാസങ്ങള്‍ക്കിടെ നാടുകടത്തി. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന പ്രവാസികളെയാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരും നാടുകടത്തിയവരില്‍ ഉള്‍പ്പെടും. ഒക്ടോബറില്‍ മാത്രം 4,300 പേരെയാണ് നാടുകടത്തിയത്. സെപ്റ്റംബര്‍, ഓഗസ്റ്റ് മാസങ്ങളില്‍ 7,685 പേരെയും നാട് കടത്തി. നിലവില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരെ അതിവേഗത്തില്‍ അതാത് രാജ്യങ്ങളിലേക്ക് നാട് കടത്തുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നാടുകടത്തപ്പെട്ടവര്‍ക്ക് വീണ്ടും കുവൈത്തിലേക്ക് മടങ്ങാൻ കഴിയില്ല. തൊഴില്‍ രംഗത്ത് നിയമലംഘനം നടത്തുന്നവരെ പിന്തുടരുന്നത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ എല്ലാ മേഖലകളും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധനയുമായി രംഗത്തുണ്ട്. താമസ നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പൊതു സുരക്ഷ, റെസ്‌ക്യൂ, ട്രാഫിക് പട്രോളിംഗുകളും ശക്തമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K