26 October, 2023 12:31:09 PM


ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6,500 കവിഞ്ഞു; ആശുപത്രികളിൽ വെള്ളവും വൈദ്യുതിയും ഇല്ല



ടെല്‍ അവീവ്: ഫലസ്തീൻ സംഘർഷം 19 ദിവസം പിന്നിടുമ്പോൾ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6,500 കവിഞ്ഞു. ഇവരിൽ 2,700 ലേറെ പേരും കുട്ടികളാണ്. കടുത്ത ഉപരോധത്തിൽ വീർപ്പുമുട്ടുന്ന ഗസ്സക്ക് മേൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. ഐക്യരാഷ്ട്ര സഭയിൽ ഈ വിഷയത്തിൽ യു.എസും റഷ്യയും രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചെങ്കിലും രണ്ടും തള്ളി. അതിനിടെ, ഇസ്രായേൽ സൈന്യം കരയുദ്ധത്തിന് തയാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷനിലൂടെ ജനങ്ങളെ അറിയിച്ചു.

വെടിനിർത്തലോ മറ്റ് ഉപാധികളോ ഇല്ലാതെ ഹമാസ് ബന്ദികളെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് അമേരിക്ക അവതരിപ്പിച്ച പ്രമേയം യു എന്നിൽ റഷ്യയും ചൈനയും വീറ്റോ ചെയ്തു. സ്വയം പ്രതിരോധത്തിന് രാജ്യങ്ങൾക്കും വ്യക്തിക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന പ്രമേയത്തിൽ പക്ഷെ, വെടിനിർത്തലിന് പകരം അവശ്യ സാധനങ്ങൾ എത്തിക്കാനൊരു ഇടവേള മാത്രമാണ് മുന്നോട്ടുവെച്ചിരുന്നത്. 

പത്ത് രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ യു എ ഇ ഉൾപ്പെടെ മൂന്ന് രാജ്യങ്ങൾ എതിർത്തു. അടിയന്തര വെടിനിർത്തിൽ ആവശ്യപ്പെട്ട റഷ്യ അവതരിപ്പിച്ച പ്രമേയത്തെ നാല് രാജ്യങ്ങൾ അനുകൂലിച്ചു. രണ്ട് രാജ്യങ്ങൾ എതിർത്തു പത്ത് രാജ്യങ്ങൾ വിട്ടുനിന്നു. ഗസ്സയിൽ ഇപ്പോഴും ആശുപത്രികൾക്കും അഭയാർഥി ക്യാമ്പുകൾക്കും നേരം ഇസ്രായേൽ പോർവിമാനങ്ങൾ ആക്രമണം നടത്തുന്നുണ്ട്.

തെക്കൻ ഗസ്സയിലെ നുസയ്റാത്തിൽ അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ അൽജസീറ അറബിക് ചാനലിന്‍റെ ഗസ്സ ബ്യറോചീഫ് വഈൽ അൽ ദഹ്ദൂദിന്‍റെ കുടുംബം കൊല്ലപ്പെട്ടു. വാഇലിന്‍റെ ഭാര്യയും മകനും ഏഴ് വയസുകാരി മകളുമാണ് മരിച്ചത്. അൽഅഖ്സ ടി വി ചാനലിന്‍റെ റിപ്പോർട്ടർ സഈദ് അൽ ഹലബിയും ഇന്നലെ കൊല്ലപ്പെട്ടു. 25 മാധ്യമപ്രവർത്തകരാണ് ഇതുവരെ ഫലസ്തീനിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ മരിച്ചത്. 38 യു.എൻ റിലീഫ് പ്രവർത്തകരും മരിച്ചു. 

കനത്ത വ്യോമാക്രമണം തുടരുന്ന ഗസ്സയിൽ 1600 പേരെ കാണാതായിട്ടുണ്ട്. പലരും തകർന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ഇവരിൽ 900 പേരും കുട്ടികളാണ്.വൈദ്യുതിയും ഇന്ധനവുമില്ലാതെ ഗസ്സയിലെ ആരോഗ്യമേഖല പാടെ തകർന്ന അവസഥയിലാണ്. 

കാണാതായവരെ കണ്ടെത്താൻ മണ്ണുമാന്തി യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനം പോലും ഗസ്സയിലേക്ക് എത്തിക്കുന്നില്ല. ടെലിവിഷനിലുടെ ഇസ്രായേൽ ജനതയെ അഭിസംബോധന ചെയ്ത നെതന്യാഹു സൈന്യം കരയുദ്ധത്തിന് തയാറെടുക്കുന്നു എന്നറിയിച്ചെങ്കിലും കരയുദ്ധം എപ്പോൾ എന്ന് വ്യക്തമാക്കിയില്ല. എന്നാൽ, ഹമാസിന് കടന്നുകയറാൻ വഴിയൊരുക്കിയ സുരക്ഷാവീഴ്ചക്ക് താൻ മറുപടി പറയേണ്ടി വരുമെൻ നെതന്യാഹു ആദ്യമായി തുറന്നു സമ്മതിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K