17 October, 2023 11:58:35 AM


ജോ ബൈഡന്‍ നാളെ ഇസ്രയേലിലേക്ക്; ബെന്യാമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച



ടെൽ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായതോടെ അമേരിക്കന്‍ പ്രസിഡന്‍റ് ടെല്‍ ജോ ബൈഡന്‍ നാളെ ഇസ്രയേലിലെത്തും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തും. ഇസ്രയേലിലുള്ള യു.എസ്.സ്‌റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെന്‍ അറിയിച്ചതാണ് ഇക്കാര്യം.

അതിനിടെ 6 ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശവാദം ഉന്നയിച്ച. ലബനന്‍ അതിര്‍ത്തിയില്‍ ഉള്‍പ്പടെ സംഘര്‍ഷം തുടരുകയാണ്. ലബനന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ സൈനിക പോസ്റ്റിന് നേരെ ആക്രമണമുണ്ടായി. ഹിസ്ബുളള ഭീകരരാണ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇസ്രയേല്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു.

ടെല്‍ അവീവിനെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റാക്രണവുമുണ്ടായി. എന്നാല്‍ റോക്കറ്റുകള്‍ ഇസ്രയേല്‍ നിര്‍വീര്യമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍പലസ്തീന്‍ യുദ്ധത്തെ കുറിച്ച് യുഎഇ പ്രസിഡന്‍റുമായി ആശയവിനിമയം നടത്തി. 

ഹമാസിന്‍റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് നെതന്യാഹു ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ അറിയിച്ചു. സൈനിക നടപടികള്‍ ഗാസയിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയാകുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു.

ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഗാസയിലെ ആശുപത്രികള്‍ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കെന്ന് യുഎന്‍ അറിയിച്ചു. ഗാസയിലെ സാധാരണക്കാക്കരെ ഇസ്രയേല്‍ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ യുദ്ധത്തിന്‍റെ വ്യാപ്തി കൂടുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഇസ്രയേലിനെ തടയാന്‍ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാന്‍ ചൈനയോട് അഭ്യര്‍ത്ഥിച്ചതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായി. ഇസ്രയേല്‍ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു. ഇസ്രയേല്‍ സൈന്യം ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K