16 October, 2023 10:45:52 AM
വടക്കന്‍ ഗാസയില്‍ നിന്ന് കൂട്ട പലായനം തുടരുന്നു; മാനുഷിക ഇടനാഴി വേണമെന്ന് മാർപാപ്പ
ഗാസാസിറ്റി: വടക്കന്‍ ഗാസയില്‍ നിന്ന് ആളുകളുടെ കൂട്ട പലായനം തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാല് ലക്ഷംപേര്‍ പലായനം ചെയ്തതായാണ് ഔദ്യോഗിക കണക്ക്. അതേസമയം, ഗാസയിലെ ജനങ്ങള്‍ക്കായി മാനുഷിക ഇടനാഴികള്‍ വേണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്തെത്തി. ഹമാസിന്റെ ബന്ദികളെ മോചിപ്പിക്കണമെന്നും മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചു.
കുട്ടികളും രോഗികളും പ്രായമായവരും സ്ത്രീകളും എല്ലാ സാധാരണക്കാരും സംഘര്‍ഷത്തിന്റെ ഇരകളാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്ത് പ്രതിവാര പ്രസംഗത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു. ഇപ്പോള്‍ തന്നെ നിരവധി നിരപരാധികള്‍ മരിച്ചുകഴിഞ്ഞെന്നും യുക്രൈനിലോ വിശുദ്ധ ഭൂമിയിലോ ഒരിടത്തും തന്നെ നിരപരാധികളുടെ രക്തം ഇനിയും വീഴരുതെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.
ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളുടെ അടക്കം പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലാണ്. പലയിടത്തും 24 മണിക്കൂര്‍ നേരം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം മാത്രമണ് അവശേഷിക്കുന്നത്. അതിനിടെ പലസ്തീനില്‍ കുടുങ്ങിയ വിദേശികളെ ഉള്‍പ്പെടെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും. കരയുദ്ധത്തിന് തയ്യാറായി അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം തുടരുകയാണ്. ഇരുപക്ഷത്തുമായി ഇതുവരെ 3900ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്.