07 October, 2023 04:51:18 PM


ഇസ്രായേൽ-ഹമാസ് സംഘർഷം; ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം



ടെല്‍ അവീവ്: ഇസ്രയേലിന്‍റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയത് രണ്ടരമണിക്കൂറിലേറെ തുടര്‍ച്ചയായി നീണ്ടുനിന്ന ആക്രമണം. റോക്കറ്റ് ആക്രമണത്തിന് പിന്നാലെ യന്ത്ര തോക്കുകളുമായി ഇസ്രയേലിനുള്ളില്‍ കടന്ന ഹമാസ് സായുധ സംഘം വെടിവെപ്പും നടത്തി. ആക്രമണത്തില്‍ ആറ് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. 

നുഴഞ്ഞു കയറിയുള്ള ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു. ഇസ്രായേല്‍ പ്രതിരോധ സേന യുദ്ധ ജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷാ മന്ത്രിതല യോഗം വിളിച്ച് ചേര്‍ത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 

ഇന്ന് പുലര്‍ച്ചെയാണ് ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്റ്റോം എന്ന പേരില്‍ സൈനീക നീക്കം ആരംഭിച്ചതെന്നും ഇസ്രയേലിലേക്ക് 5000 റോക്കറ്റുകള്‍ തൊടുത്ത് വിട്ടെന്നും ഹമാസിന്‍റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫ് പരസ്യ പ്രസ്താവനയില്‍ അറിയിച്ചു.

ഇതിനിടെ, ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളില്‍ തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.

തെക്കന്‍ ഇസ്രയേലില്‍ നുഴഞ്ഞുകയറിയ ഹമാസ് പ്രവര്‍ത്തകര്‍ വഴിയാത്രക്കാര്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സെ്‌ഡൈറോത്തില്‍ വീടുകള്‍ ഹമാസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ആഷ്‌കലോണിലെ ബാര്‍സിലായി ആശുപത്രിയില്‍ 68 പേരും ബീര്‍ ഷെവയിലെ സൊറോക ആശുപത്രിയില്‍ 80 പേരും ചികിത്സയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിന്‍റെ ആക്രമണത്തെത്തുടര്‍ന്ന് മധ്യ- തെക്കന്‍ ഇസ്രയേലിലെ വിമാനത്താവളങ്ങള്‍ അടച്ചു. ഇസ്രയേല്‍ സൈനികരെ ആക്രമിക്കുന്നതിന്‍റെയും സൈനിക വാഹനങ്ങള്‍ തീവെക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സൈനികരെ ബന്ദികളാക്കി പലസ്തീന്‍ ഭൂപ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. തെക്കന്‍ ഇസ്രയേലിലെ കുസെയ്ഫ് നഗരത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും മേയര്‍ അറിയിച്ചു. ഹമാസിന്‍റെ ആക്രമണത്തില്‍ ഒരു മേയര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K