14 September, 2023 04:48:54 PM
പിതാവ് കാറില്‍ മറന്നുവെച്ചു; 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ലിസ്ബണ്‍: ഏഴ് മണിക്കൂര്‍ കാറിനുള്ളില്‍ കുടുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. യൂണിവേഴ്സിറ്റിയില്‍ ലക്ചററായ അച്ഛന്‍ കുഞ്ഞിനെ കാറില്‍ മറന്നുവെയ്ക്കുകയായിരുന്നു. പോര്‍ച്ചുഗലിലാണ് സംഭവം. നോവ യൂണിവേഴ്സിറ്റിയില്‍ സയന്‍സ് ആന്‍റ് ടെക്നോളജി വിഭാഗത്തിലെ ലക്ചററാണ് കുട്ടിയുടെ അച്ഛന്‍.
കുഞ്ഞിനെ പകല്‍ ക്യാമ്പസിലെ ക്രഷില്‍ വിടാറുണ്ടായിരുന്നു. സെപ്തംബര്‍ 12ന് പതിവുപോലെ അച്ഛന്‍ കുഞ്ഞിനെ കാറില്‍ കയറ്റി ക്രഷിലേക്ക് പോവുകയായിരുന്നു. എന്നാല്‍ കുഞ്ഞ് കൂടെയുള്ളത് മറന്ന് അച്ഛന്‍ നേരെ ക്യാമ്പസ് ഓഫീസിന് മുന്‍പിലേക്കാണ് കാറോടിച്ചതെന്ന് പോര്‍ച്ചുഗല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏഴു മണിക്കൂറിനു ശേഷം, കാറിന് സമീപമെത്തിയ ലക്ചറര്‍ പിന്‍സീറ്റില്‍ തന്‍റെ മകള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. കുഞ്ഞിനെ തട്ടിയെഴുന്നേല്‍പ്പിക്കാന്‍ അച്ഛന്‍ ശ്രമിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. തുടര്‍ന്ന് അടിയന്തര വൈദ്യ സഹായം തേടി. ഉടനെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്‍റെ അമ്മയും അപ്പോഴേക്കും സ്ഥലത്തെത്തി. കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്ക് മാനസികാഘാതം നേരിടാനുള്ള കൌണ്‍സിലിങ് നല്‍കി.
26 ഡിഗ്രി സെൽഷ്യസായിരുന്നു സംഭവം നടക്കുമ്പോള്‍ പുറത്തെ ചൂട്. അതായത് അടച്ചിട്ട കാറിനുള്ളിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയര്‍ന്നിട്ടുണ്ടാവും. കുഞ്ഞ് ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞ് കാറിലുണ്ടെന്ന് അച്ഛന്‍ മറന്നുപോയതാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.