12 August, 2023 05:03:52 PM
യുഎഇയിലെ ബഹുനില കെട്ടിടത്തിന് തീപിടിത്തം; ഫ്ലാറ്റുകളും വാഹനങ്ങളും കത്തി നശിച്ചു
ദുബായ്: യുഎഇയിലെ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. അജ്മാനിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലെ അല്‍ നുഐമിയ ഏരിയ മൂന്നിലെ 15 നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെയാണ് തീപടര്‍ന്നു പിടിച്ചത്.
സ്ഥലത്തെത്തിയ അജ്മാന്‍ പൊലീസിന്‍റെയും സിവില്‍ ഡിഫന്‍സിന്‍റെയും അടിയന്തര ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കി. എല്ലാ താമസക്കാരെയും പരിക്കേല്‍ക്കാതെ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ തീപിടിത്തത്തില്‍ 16 അപ്പാര്‍ട്ട്‌മെന്‍റുകൾക്കും 13 വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
കെട്ടിടത്തില്‍ കൂളിങ് പ്രക്രിയ നടത്തി വരുന്നതായും തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി പറഞ്ഞു.