03 August, 2023 03:54:09 PM
ഒമാനിൽ വാഹനാപകടം; എറണാകുളം സ്വദേശിയായ ആറുവയസുകാരി മരിച്ചു
മസ്ക്കറ്റ്: ഒമാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയായ ആറുവയസുകാരി മരിച്ചു. ഒമാനിലെ സീബിലാണ് വാഹനാപകടം ഉണ്ടായത്. എറണാകുളം പാലാരിവട്ടം മസ്ജിദ് റോഡില്‍ താമസിക്കുന്ന ഓളാട്ടുപുറം ടാക്കിന്‍ ഫ്രാന്‍സ്-ഭവ്യ ദമ്പതികളുടെ മകള്‍ അല്‍ന ടാക്കിനാണ്(6) മരിച്ചത്. അപകടത്തിൽ കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചക്ക് ശേഷം കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. മസ്ക്കറ്റ് ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച അല്‍ന. അഭിനാഥ്, ആഹില്‍ എന്നിവരാണ് മരിച്ച അൽനയുടെ സഹോദരങ്ങൾ.
ഏതാനും ദിവസം മുൻപാണ് ടാക്കിൻ ഫ്രാൻസും കുടുംബവും അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ച് ഒമാനിൽ എത്തിയത്. കുട്ടിയുടെ മൃതദേഹം സീബിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.