21 July, 2023 07:05:00 AM
ചിക്കൻ നഗറ്റ് കാലിൽ വീണ് നാല് വയസുകാരിക്ക് പരിക്ക്: മക്ഡൊണാൾഡ്സിന് എട്ട് ലക്ഷം ഡോളർ പിഴ
ഫ്ലോറിഡ: ചൂടേറിയ ചിക്കൻ നഗറ്റ് കാലിൽ വീണ് നാല് വയസുള്ള പെൺകുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിൽ പ്രശസ്ത ഫാസ്റ്റ് ഫുഡ് ചെയിനായ മക്ഡൊണാൾഡ്സിന് എട്ട് ലക്ഷം ഡോളർ പിഴയിട്ട് യുഎസ് കോടതി. 2019-ൽ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ മേഖലയിലുള്ള ടാമാറാക് പ്രദേശത്തെ ഡ്രൈവ് ത്രൂ മക്ഡൊണാൾഡ്സ് റസ്റ്ററന്റിൽ നിന്ന് പാഴ്സൽ വാങ്ങി വരുന്ന വഴിക്കാണ് ഒലിവിയ കാരബാലോ എന്ന പെൺകുട്ടിക്ക് പരിക്കേറ്റത്.
കമ്പനിയുടെ "ഹാപ്പി മീൽ' പൊതി കാറിനുള്ളിൽ വച്ച് തുറക്കാൻ ശ്രമിക്കവേ, ചൂടുള്ള നഗറ്റ് കാലിൽ വീണാണ് കുട്ടിക്ക് പരിക്കേറ്റത്. കാരബാലോയുടെ കാലിൽ മുറിപ്പാടുണ്ടായെന്നും ഇത് കുട്ടിയെ മാനസികമായ വിഷമിപ്പിച്ചെന്നും ആരോപിച്ച് 15 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരം കുടുംബം കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ലെന്നും കുട്ടിയുടെ പരിക്ക് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഭേദമായതിനാൽ1,56,000 ഡോളർ നഷ്ടപരിഹാരം നൽകാമെന്നുമാണ് മക്ഡൊണാൾഡ്സ് അറിയിച്ചത്. എന്നാൽ നാല് വർഷമായി കുട്ടി അനുഭവിച്ചുവരുന്ന മാനസിക, ശാരീരിക വിഷമതകൾ പരിഗണിച്ചും ഭാവിയിലേക്കുള്ള കരുതലിനായും നാല് ലക്ഷം ഡോളർ വീതം നൽകണമെന്ന് കോടതി വിധിക്കുകയായിരുന്നു.