20 July, 2023 08:46:27 AM
വാതക പൈപ്പ്ലൈനുകൾ പൊട്ടിത്തെറിച്ചു: റോഡിൽ വൻ ഗർത്തങ്ങൾ; വാഹനങ്ങൾ തലകീഴായി മറിഞ്ഞു
ജൊഹാന്നസ്ബർഗ്: ഭൂമിക്കടിയിലൂടെയുള്ള വാതക പൈപ്പ്ലൈനുകൾ പൊട്ടിത്തെറിച്ച് ദക്ഷിണാഫ്രിക്കൻ നഗരമായ ജൊഹാന്നസ്ബർഗിലെ റോഡുകൾ വിണ്ടുകീറി വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. പൊടുന്നനെയുണ്ടായ പടുകുഴികളിൽ അകപ്പെട്ട് നിരവധി വാഹനങ്ങൾ തലകീഴായി മറിഞ്ഞു.ബുധനാഴ്ച വൈകിട്ട് അഞ്ചിന്(പ്രാദേശിക സമയം) ആണ് അപകടമുണ്ടായത്. ജൊഹാന്നസർബർഗ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ നിറഞ്ഞ സ്ഥലത്താണ് സംഭവം നടന്നത്.
റോഡിന് അടിയിലൂടെയുള്ള വാതക പൈപ്പ്ലൈനുകളിൽ ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ തീവ്രതയിൽ റോഡിൽ കുഴികൾ രൂപപ്പെട്ട് മിനിബസ് ടാക്സികൾ അടക്കമുള്ള 23 വാഹനങ്ങൾ മറിഞ്ഞു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റെന്നും ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. നഗരത്തിലെ അപകടം നിറഞ്ഞ മേഖലയിലാണ് സംഭവം നടന്നതെന്നും ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചെന്നും അധികൃതർ കൂട്ടിച്ചേർത്തു.