28 June, 2023 05:45:30 PM
ട്രാഫിക് പോലീസ് പതിനേഴുകാരനെ വെടിവച്ചു കൊന്നു; പാരീസിൽ സംഘര്ഷം
പാരീസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ ട്രാഫിക് പോലീസ് കൗമാരക്കാരനെ വെടിവച്ചു കൊന്ന സംഭവത്തിൽ വൻ പ്രതിഷേധം. വാഹനം നിർത്താതെ പോയതിനെ തുടർന്ന് ട്രാഫിക് പോലീസുകാരൻ 17 കാരന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ കൗമാരക്കാൻ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഇയാൾ ഓടിച്ച കാർ ഇടിച്ചുതകർന്നു. നെയ്ൽ എം എന്ന കൗമാരക്കാരനാണ് മരിച്ചത്. പ്രതിയായ ഉദ്യോഗസ്ഥനെ നരഹത്യക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാരീസിന്റെ പടിഞ്ഞാൻ പ്രദേശമായ നാൻറേയിലായിരുന്നു സംഭവം.
ചൊവ്വാഴ്ച രാത്രി ഇവിടെ പ്രതിഷേധം അരങ്ങേറി. നിരത്തിലുണ്ടായിരുന്ന കാറുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ബസ് ഷെൽട്ടറുകൾ നശിപ്പിച്ചു. പോലീസ് സ്റ്റേഷന് സമീപം പടക്കം പൊട്ടിച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
31 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനം നിർത്താതെ പോയതിനു ഫ്രാൻസിൽ ട്രാഫിക് പോലീസുകാരുടെ തോക്കിന് ഇരയാകുന്ന ഈ വർഷത്തെ രണ്ടാമത്തെ വ്യക്തിയാണ് നയ്ൽ. കഴിഞ്ഞ വർഷം ഇത്തരത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.
രണ്ട് ഉദ്യോഗസ്ഥരാണ് നെയ്ലിന്റെ കാർ തടഞ്ഞത്. കാർ വിൻഡോയിലൂടെ ഒരാൾ തോക്ക് കൗമാരക്കാരന് നേർക്ക് നീട്ടി. കാർ നിർത്തിയില്ലെങ്കിൽ വെടിവയ്ക്കുമെന്ന് പറയുന്നു. നെയ്ൽ മുന്നോട്ടുപോകാൻ ശ്രമിക്കുമ്പോൾ തൊട്ടടുത്തുനിന്ന് പോലീസുകാരൻ നിറയൊഴിച്ചു.
വെടിവയ്പ്പ് സമയത്ത് മറ്റ് രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. ഒരാൾ ഓടി രക്ഷപ്പെട്ടു. മറ്റൊരാൾ പ്രായപൂർത്തിയാകാത്തയാളായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.