22 June, 2023 09:23:16 AM
വിവാദ കൊറിയൻ ഗായകൻ ചൊയ് സംഗ് ബോംഗ് വീടിനുള്ളിൽ മരിച്ച നിലയിൽ
സിയൂൾ: 2011ലെ കൊറിയാസ് ഗോട്ട് ടാലന്റ് എന്ന പരിപാടിയിൽ രണ്ടാംസ്ഥാനം നേടി പ്രശസ്തിയിലേക്കുയർന്ന ഗായകൻ ചൊയ് സംഗ് ബോംഗിനെ (33) മരിച്ചനിലയിൽ കണ്ടെത്തി. തെക്കൻ സിയോളിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കൊറിയൻ ലേബലായ ബോംഗ് ബോംഗുമായി റിക്കാർഡ് കരാറുണ്ടായിരുന്നു ചോയ് സംഗിന്. താൻ കടന്നുവന്ന വഴികളേക്കുറിച്ചും ഇന്റർനെറ്റ് പ്രമുഖനായതിനേക്കുറിച്ചും വിവരിക്കുന്ന ഒരു ഓർമക്കുറിപ്പ് പുറത്തിറക്കിയിരുന്നു. കൊറിയയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നുകൂടിയായിരുന്നു ഇത്.
2021-ൽ താൻ കാൻസറിന്റെ ഒന്നിലേറെ വകഭേദങ്ങളുമായി പോരാടിക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞ് ചികിത്സാധന സമാഹരണം നടത്തിയിരുന്നു. എന്നാൽ ഇത് തട്ടിപ്പാണെന്ന് തെളിഞ്ഞതോടെ ചോയ് സംഗ് മാപ്പുപറയുകയും പിരിച്ചെടുത്ത മുഴുവൻ തുകയും തിരിച്ചുനൽകുകയും ചെയ്തിരുന്നു.