21 June, 2023 11:40:22 AM
ജാഗ്രത: പനി കേസുകളിൽ ഇനിയും വർധനയുണ്ടായേക്കും- മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളിൽ ഇനിയും വർധനയുണ്ടായേക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനിയിൽ വർധനവുണ്ടാകുമെന്ന് മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച വരുത്തരുത്. ഡെങ്കിപ്പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കോവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.
കേസുകള്‍ വര്‍ധിക്കുന്നതിലല്ല, മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിക്കണം. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം 12876 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ചത് ചികിത്സ തേടിയത്.