07 October, 2026 06:39:54 PM


ടിബി മുക്ത ഭാരതം; കോട്ടയം ജില്ലയിൽ 'ജോഷ് ടീം' പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നു



കോട്ടയം: ക്ഷയരോഗ മുക്ത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി യുവജനങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 'ജോഷ് ടീം' (ജോയിന്‍റ് സ്‌ക്വാഡ് ഫോർ ഹെൽത്ത് ടീം) പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം കുറിക്കുന്നു. ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11ന് കോട്ടയം എൻ.എച്ച്.എം. ഹാളിൽ  അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ  മീണ ഫ്‌ളാഗ് സ്ക്വാഡിന്‍റെ ഓഫ്  നിർവഹിക്കും.  കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും.ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ ടിബി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, കോട്ടയം ആർ.ഡി.ഒ. നിജു കുര്യൻ, തദ്ദേശ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ട്രീസ ജോസ് തുടങ്ങിയവർ പങ്കെടുക്കും.  ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം കോട്ടയം, ജില്ലാ ടി.ബി. സെന്‍റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്ഷയരോഗ ലക്ഷണങ്ങൾ, നേരത്തെയുള്ള പരിശോധന, ചികിത്സ, പോഷകാഹാരം, പ്രതിരോധം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണത്തിനായി ഗൃഹസന്ദർശനം, സമൂഹ ബോധവൽക്കരണം എന്നിവയിലൂടെ അവബോധം സൃഷ്ടിക്കുന്നതിനും യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് 'ജോഷ്' വോളണ്ടിയർമാർ പ്രവർത്തിക്കുന്നത്.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്  വോളണ്ടിയർമാർക്കുള്ള ബോധവൽക്കരണ ക്ലാസും ടിബി നിർമാർജ്ജന പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചവര്‍ക്കുള്ള പുരസ്കാരണ വിതരണവും നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914