16 September, 2026 04:48:41 PM


ഏറ്റുമാനൂരിൽ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്യാമ്പയിൻ



ഏറ്റുമാനൂർ: ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സെപ്റ്റംബർ 19ന് ഫാറ്റി ലിവർ, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ജനകീയ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫാറ്റിലിവർ രോഗാവസ്ഥ നേരത്തെ കണ്ടുപിടിക്കാൻ പറ്റുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള എ.എൻ.ആ‍ർ.എഫ്-പെയ‍‍ർ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പരിപാടി. ഈ ദേശീയതല ഗവേഷണപദ്ധതിയിൽ മഹാത്മാഗാന്ധി സ‍ർവകലാശാലയും പ്രധാനപങ്ക് വഹിക്കുന്നുണ്ട്.

പഠനത്തിന്റെ ഭാഗമാകാൻ തയ്യാറായവർക്ക് സൗജന്യ രക്തപരിശോധനയും ഫൈബ്രോസ്‌കാൻ പരിശോധനയും നടത്താൻ സൗകര്യമുണ്ടായിരിക്കും. 11 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ രോഗകാരണങ്ങൾ, അപകടസാധ്യതകൾ, നേരത്തെയുള്ള രോഗനിർണയം, രോഗപുരോഗതി, പ്രതിരോധം, മുൻകരുതലുകൾ എന്നിവയെ പറ്റി പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിക്കും. ബോധവത്കരണ ക്യാമ്പയിനിൽ പങ്കെടുക്കാനാകാത്തവ‍ർക്കും പഠനത്തിൽ ഭാഗഭാക്കാകാവുന്നതാണ്. സന്നദ്ധരായവർ 6235616044 എന്ന നമ്പറിലേക്ക് വാട്സാപ് മുഖേന താൽപര്യം അറിയിക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943