16 June, 2023 08:22:33 AM
കാനഡയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേർ മരിച്ചു; ബസ് കത്തിയമർന്നു
മാനിറ്റോബ: കനേഡിയൻ പ്രവിശ്യയായ മാനിറ്റോബയിലുണ്ടായ വൻ വാഹനാപകടത്തിൽ 15 പേർ മരിച്ചു. പ്രായമായവർ സഞ്ചരിച്ച ബസും സെമി ട്രെയിലർ ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. രണ്ടു ഡ്രൈവർമാർ ഉൾപ്പെടെ 10 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിന്നിപെഗിന് പടിഞ്ഞാറ് കാർബെറി പട്ടണത്തിന് സമീപമാണ് സംഭവം.
കൂട്ടിയിടിച്ച ശേഷം ഹാൻഡി ട്രാൻസിറ്റ് ബസ് കത്തിയമർന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. അപകടത്തിൽ ട്രക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു. രക്ഷാപ്രവർത്തനത്തിനായി എയർ ആംബുലൻസുകൾ അടക്കം സ്ഥലത്തെത്തിയതായി കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.