15 June, 2023 09:49:20 AM
റഷ്യൻസേന നടത്തിയ മിസൈലാക്രമണത്തിൽ യുക്രെയ്നിൽ ആറു പേർ കൊല്ലപ്പെട്ടു
കീവ്: യുക്രെയ്നിലെ തെക്കൻ നഗരമായ ഒഡേസയിലും കിഴക്കൻ നഗരമായ ഡോണട്സ്കിലും ബുധനാഴ്ച റഷ്യൻസേന നടത്തിയ മിസൈലാക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒട്ടേറെ വീടുകൾ തകർന്നതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. ഒഡേസയിൽ ഭക്ഷ്യസംഭരണശാലയിലെ മൂന്നു ജീവനക്കാരാണ് മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റു.
നാലു കാലിബർ മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യൻ ആക്രമണമെന്നും പ്രാദേശിക ഭരണകൂടം ആരോപിച്ചു. ഡോണട്സ്ക് പ്രവിശ്യയിലെ ക്രമറ്റോർസ്ക് നഗരത്തിൽ രണ്ടുപേരും കൊസ്ത്യന്റിനിവ്കയിൽ ഒരാളും മിസൈലാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഗവർണർ പറഞ്ഞു. ഇരുനഗരങ്ങളിലുമായി 90ഓളം വീടുകൾക്ക് നാശമുണ്ടായതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.