12 June, 2023 08:56:32 AM
ഖേർസൺ വെള്ളപ്പൊക്കം: രക്ഷാപ്രവർത്തകർക്കു നേരെ റഷ്യയുടെ ഷെല്ലാക്രമണം: 3 മരണം
കീവ്: കഖോവ്ക അണക്കെട്ട് തകർക്കപ്പെട്ടതുമൂലം വെള്ളത്തിനടിയിലായ പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനെത്തിയ ബോട്ടിന് നേരെ റഷ്യ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഷെല്ലാക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റീജണൽ ഗവർണർ അറിയിച്ചു.
അധിനിവേശ റഷ്യയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് തകർന്നതു മുതൽ ഡിനിപ്രോ നദിയുടെ കിഴക്കൻ തീരത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് യുക്രെയ്ൻ. നിപ്രോ നദീതീരത്തെ 24 ഗ്രാമങ്ങളിൽ പ്രളയമുണ്ടായി. ഖേർസൺ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളമുയർന്നു. നിരവധി പേർ ഇനിയും കുടുങ്ങിക്കിടപ്പുണ്ട്.
അതേസമയം, കഖോവ്ക അണക്കെട്ട് ചൊവ്വാഴ്ച പുലർച്ചെ തകർന്നതിൽ യുക്രെയ്നും റഷ്യയും പരസ്പരം കുറ്റപ്പെടുത്തൽ തുടരുകയാണ്. യുക്രെയ്ൻ ആസൂത്രണം ചെയ്തിരിക്കുന്ന പ്രത്യാക്രമണം തടസപ്പെടുത്താനായി റഷ്യ അണക്കെട്ടു തകർത്തതാണെന്നു പ്രസിഡന്റ് സെലൻസ്കി ആരോപിച്ചത്. യുക്രെയ്ൻ സേന ഒട്ടനവധി ആക്രമണങ്ങളിലൂടെ അണക്കെട്ട് തകർക്കുകയായിരുന്നുവെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു.