10 June, 2023 08:15:26 AM
വിമാനം തകർന്നു ആമസോൺ വനത്തിൽ അകപ്പെട്ട നാലു കുട്ടികളെ ജീവനോടെ കണ്ടെത്തി
ബൊഗോട്ട: വിമാനം തകർന്നു കൊളംബിയൻ ആമസോൺ വനത്തിൽ അകപ്പെട്ട നാലു കുട്ടികളെ ജീവനോടെ കണ്ടെത്തി. 40 ദിവസത്തെ തെരച്ചിലിനു ശേഷമാണ് കുട്ടികളെ കണ്ടെത്തിയത്. കൊളംബിയൻ പ്രസിഡന്റ് ഗസ്റ്റാവോ പെട്രോ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. കൊളംബിയൻ സൈന്യം കാട്ടിൽ നടത്തിയത് സമാനതകളില്ലാത്ത തെരച്ചിലാണ്. കുഞ്ഞുങ്ങൾക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സൈന്യം അറിയിച്ചു. നിർജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള പരിക്കും മാത്രമാണുള്ളത്.
മേയ് ഒന്നിനാണ് വിമാനം തകർന്ന് കുട്ടികൾ കാട്ടിൽ അകപ്പെട്ടത്. തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽനിന്നു പറന്നുയർന്ന ചെറുവിമാനം കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടിനുമുകളിൽ വച്ച് തകർന്നുവീഴുകയായിരുന്നു. ഒന്നും നാലും ഒമ്പതും പതിമൂന്നും വയസുള്ള കുട്ടികളെയാണ് കാട്ടിൽ കാണാതായത്. കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈ (33)യുടെയും ഒരു പൈലറ്റിന്റെയും ഒരു ബന്ധുവിന്റെയും മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.